നാവയ്ക്കുളം : അക്കാദമി ഫോർ ക്രിയേറ്റീവ് ആർട്ട് ആൻഡ് ഡിസൈൻ (ACAD) സംഘടിപ്പിച്ച ക്രിയേറ്റീവ് ഹാർട്സ് ഗ്രൂപ്പ് ആർട്ട് എക്സിബിഷന്റെ നാലാം പതിപ്പിന് മെയ് 24-ന് പ്രശസ്ത ചിത്രകാരൻ ബി. ഡി. ദത്തൻ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ എക്സ്പ്രഷൻ ആർട്ട് ചെയർമാനും ആർട്ട് ക്രിട്ടിക്കുമായ ക്യൂറേറ്റർ സുനിൽ സി. ഇ. ചിത്രകാരനും ശിൽപ്പിയുമായ ബിജു ചാത്തന്നൂർ, ആർട്ട് ക്രിട്ടിക്, ഡിസൈനർ, എക്സ്പ്രഷൻ സി.ഇ.ഒ യും എഡിറ്ററുമായ രജനി മേനോൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ACAD ഡയറക്ടർ സാഹിർ ഷറഫുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.
പരിപാടിയുടെ ഭാഗമായി ബി. ഡി. ദത്തൻ പ്രദർശനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും കലയുടെ പ്രാധാന്യത്തെയും അതിന്റെ അനന്തമായ സാധ്യതകളെയും കുറിച്ച് അവരുമായി സംവദിക്കുകയും ചെയ്തു.
ചടങ്ങിൽ സംസാരിച്ച സുനിൽ സി. ഇ., ഇന്നത്തെ കുട്ടികൾക്ക് കലാപരമായ കഴിവുകൾ വളർത്തിയെടുക്കാൻ മാതാപിതാക്കളുടെയും അധ്യാപകരുടെയും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും മുൻതലമുറകൾക്ക് പലപ്പോഴും ലഭിക്കാതിരുന്ന ഇത്തരം അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കണമെന്നും വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.
വിവിധ വിഭാഗങ്ങളിലായി ഒരുക്കിയിരുന്ന കലാസൃഷ്ടികൾ ഓരോന്നും തനതായ ആശയവും ആവിഷ്കാരഭംഗിയും കൊണ്ട് ശ്രദ്ധേയമായിരുന്നു. ബാലകലാകാരന്മാരുടെ പ്രതിഭയും സർഗാത്മകതയും നിറഞ്ഞ പ്രദർശനം സന്ദർശകർക്കും കലാസ്വാദകർക്കും ശ്രദ്ധേയമായ അനുഭവമായി.


