
തിരുവനന്തപുരം: മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും നീതിക്കും വേണ്ടി ഉയരുന്ന ശക്തമായ പ്രതിരോധത്തിന്റെ ശബ്ദമാണ് നേമം പുഷ്പരാജിന്റെ കല. അപഭ്രംശം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്തിന്റെ ആത്മസാക്ഷ്യങ്ങളായി മാറുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ അനീതിക്കും അധികാരഹിംസയ്ക്കും ഫാസിസത്തിനുമെതിരെ വർണ്ണങ്ങളിലൂടെ പ്രതികരിക്കുന്നു. ഈ ആശയങ്ങളെ മുൻനിർത്തി നേമം പുഷ്പരാജിന്റെ ചിത്രപ്രദർശനം ‘ഡിസ്റ്റോപ്പിയ’ എന്ന പേരിൽ ആഗസ്റ്റ് 23 മുതൽ 31 വരെ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് ആർട്ട് ഗ്യാലറിയിൽ നടക്കും.
കഴിഞ്ഞ 46 വർഷമായി കലാരംഗത്ത് സജീവമായ നേമം പുഷ്പരാജ് ഇക്കാലയളവിൽ സൃഷ്ടിച്ച ആയിരത്തിലധികം ചിത്രങ്ങളിലും ശിൽപങ്ങളിൽ നിന്നും തെരഞ്ഞെടുത്ത കൃതികളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനീതിയുടെ കാലത്ത് നീതിയുടെ പക്ഷം ചേർന്ന് കലാകാരൻ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ആത്മസാക്ഷ്യമാണ് ‘ഡിസ്റ്റോപ്പിയ’യിലൂടെ അവതരിപ്പിക്കുന്നത്.
ആഗസ്റ്റ് 23ന് വൈകുന്നേരം 4ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. ബി.ഡി. ദത്തൻ, കെ. ജയകുമാർ, മനോജ് കണ്ണൻ, ജി.ബി. ഹരീന്ദ്രനാഥ് എന്നിവർ ചടങ്ങിൽ അതിഥികളാകും. നേമം പുഷ്പരാജിന്റെ കലാലോകത്തെക്കുറിച്ച് എക്സ്പ്രഷൻ പുറത്തിറക്കുന്ന ‘അപഭ്രംശകാലത്തിലെ പ്രതിരോധങ്ങൾ’ എന്ന കൃതിയുടെ പ്രകാശനവും നടക്കും. തുടർന്ന് വയലിനിസ്റ്റ് ഭദ്രയുടെ ‘വിസ്പേഴ്‌സ് ഓഫ് വയലിൻ’ സംഗീതപരിപാടിയും അരങ്ങേറും.
ആഗസ്റ്റ് 25ന് വൈകുന്നേരം 4ന് ‘കവിതയും വരയും’ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 27ന് വൈകുന്നേരം 4 നു ‘കഥയും വരയും’ എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ മധുപാൽ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 29 വൈകുന്നേരം 4 നു ‘സിനിമയും വരയും’ ചലച്ചിത്രപ്രവർത്തകൻ എസ്. കുമാർ ഉദ്ഘാടനം ചെയ്യും. രാജാ വാര്യർ, അഴകപ്പൻ, സുധീർ കരമന, പി. എം. ബിനുകുമാർ, അജിത് മാമ്പള്ളി എന്നിവർ പങ്കെടുക്കും.
ആഗസ്റ്റ് 31ന് വൈകുന്നേരം 4ന് നടക്കുന്ന സമാപന സമ്മേളനം സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. കെ. വി. മോഹൻകുമാർ, ഡോ. എം. ആർ. തമ്പാൻ, കാരയ്ക്കാമണ്ഡപം വിജയകുമാർ, മഞ്ചു വെള്ളായണി, ആർട്ടിസ്റ്റ് ഭട്ടതിരി എന്നിവർ പങ്കെടുക്കും. ചടങ്ങിൽ എക്സ്പ്രഷൻ ജേർണൽ നേമം പുഷ്പരാജ് പതിപ്പ് പ്രകാശിപ്പിക്കും .
