കണ്ണൂർ: കൊളക്കാട് താന്നിക്കുന്നില്‍ അമ്മയെ മകൻ കഴുത്തറത്തു കൊന്നത് മദ്യലഹരിയില്‍. ഇയാള്‍ ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും സംഭവം നടക്കുമ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (25) കൊല്ലപ്പെട്ട സംഭവത്തില്‍ മകൻ ക്രിസ്റ്റിയുടെ (25) അറസ്റ്റ് കേളകം പോലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി എട്ടിനും ഒൻപതിനും ഇടയിലാണ് സംഭവം.
ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവില്‍ കിടപ്പുമുറിയില്‍വച്ചാണ് ക്രിസ്റ്റി ആയുധം ഉപയോഗിച്ച് അമ്മയെ ആക്രമിച്ചത്. ഗീതമ്മയെ കൊലപ്പെടുത്തിയശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറില്‍ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പോലീസെത്തിയാണ് ഗീതമ്മയെ ആശുപ്രതിയിലേക്ക് മാറ്റിയത്. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായ ഗീതമ്മ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്ലറിംഗ് ഷോപ്പും നടത്തുന്നുണ്ട്.

