തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടല്‍ മേഖല സ്തംഭനത്തിലേക്ക്. പ്രതിസന്ധി മറികടക്കാൻ കല്‍ക്കരിയോ മണ്ണെണ്ണയോ ഇന്ധനമായി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഹോട്ടലുടമകള്‍ക്ക് നിർദ്ദേശം നല്കി.ഇതിനായി സംസ്ഥാനങ്ങള്‍ക്ക് 40,000 ലിറ്റർ അധിക മണ്ണെണ്ണ അനുവദിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.കേരളത്തില്‍ ഏകദേശം 40% ഹോട്ടലുകള്‍ ഇതിനോടകം അടച്ചുപൂട്ടിയതായി ഹോട്ടലുടമകളുടെ സംഘടന അറിയിച്ചു. വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പത്തിലേറെ ഹോട്ടലുകള്‍ പൂട്ടി. തുറന്നുപ്രവർത്തിക്കുന്നവ മെനു വെട്ടിച്ചുരുക്കിയും പ്രവർത്തന സമയം ക്രമീകരിച്ചും മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നഗരപ്രദേശങ്ങളിലെ തട്ടുകടകള്‍ പൂർണ്ണമായും നിശ്ചലമായി.ഐടി നഗരമായ ബെംഗളൂരുവില്‍ സ്ഥിതി അതീവ ഗുരുതരമാണ്. കരിഞ്ചന്തയില്‍ ഒരു വാണിജ്യ സിലിണ്ടറിന് 5,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇതോടെ നഗരത്തിലെ ആയിരക്കണക്കിന് പേർക്ക് ആഹാരം നല്കുന്ന പിജികളും ഹോട്ടലുകളും ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തി. ഗാർഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി സർക്കാർ വർദ്ധിപ്പിച്ചു.ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി. നഗരങ്ങളില്‍ ഇടവേള 25 ദിവസമാക്കി നേരത്തെ തന്നെ കൂട്ടിയിരുന്നു. ഓണ്‍ലൈൻ ബുക്കിങ് സൈറ്റുകള്‍ തകരാറിലാകുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. എന്നാല്‍ പരിഭ്രാന്തി ഒഴിവാക്കണമെന്നും ആഭ്യന്തര ഉത്പാദനം 25% വർദ്ധിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

