ന്യൂഡല്‍ഹി: തെക്കുകിഴക്കൻ ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ അഞ്ചുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു.മൂന്നാം നിലയില്‍ താമസിച്ചിരുന്ന പങ്കജ് (28), അമ്മ ഗുഡ്ഡി (50), പങ്കജിന്റെ സഹോദരി സോണി (20) എന്നിവരാണ് മരിച്ചത്.പങ്കജിന്റെ മറ്റൊരു സഹോദരിയായ മോനി (18), 70 വയസുകാരിയായ അമ്മൂമ്മ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സഫദർജംഗ് ആശുപത്രിയിലും എയിംസ് ട്രോമ സെന്ററിലുമായി പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച പുലർച്ചെ 2.31നാണ് തീപിടിത്തത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയില്‍ പാർക്ക് ചെയ്തിരുന്ന ആറ് ഇരുചക്ര വാഹനങ്ങളിലേക്ക് തീ പടരുകയും, തുടർന്നുണ്ടായ പുക കെട്ടിടത്തിലുടനീളം അതിവേഗം വ്യാപിക്കുകയുമായിരുന്നു.കെട്ടിടത്തില്‍ ഒൻപത് കുടുംബങ്ങള്‍ താമസിച്ചിരുന്നെങ്കിലും, പലരും അവധിക്ക് നാട്ടില്‍ പോയിരുന്നതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.അഗ്നിരക്ഷാസേനയും പോലീസും എത്തുന്നതിന് മുൻപ് തന്നെ പ്രദേശവാസികള്‍ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കെട്ടിടത്തില്‍ കുടുങ്ങിയ എട്ടുപേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു.
തൊട്ടടുത്ത കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് മരപ്പലകകള്‍ ഇട്ടും, ജനല്‍ കന്പികള്‍ അറുത്തുമാറ്റിയും, സാരികളും കയറുകളും കെട്ടിയുമാണ് പലരെയും താഴെയിറക്കിയത്. എന്നാല്‍, ടെറസിലേക്കുള്ള വാതില്‍ പൂട്ടിയിരുന്നതിനാല്‍ മുകളിലേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടത് മരണസംഖ്യ ഉയരാൻ കാരണമായെന്ന് നാട്ടുകാർ പറഞ്ഞു.

