സംസ്ഥാന ഫിഷറീസ് വകുപ്പിൽ സമീപകാലത്ത് നടപ്പാക്കിയ വ്യാപകമായ സ്ഥലംമാറ്റ നടപടികൾ ജീവനക്കാരിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും മാനദണ്ഡങ്ങളും സുതാര്യതയും അവഗണിച്ചുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
ഭരണമാറ്റത്തെ തുടർന്നാണ് വകുപ്പിൽ അസാധാരണ തോതിൽ സ്ഥലംമാറ്റങ്ങൾ നടപ്പാക്കിയിരിക്കുന്നത്. ജോയിന്റ് ഡയറക്ടർ തസ്തികയിലെ 10 ഉദ്യോഗസ്ഥരിൽ 8 പേരെയും, ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലെ 18 പേരിൽ 12 പേരെയും, അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലെ 22 പേരിൽ 12 പേരെയും ഒരുമിച്ച് സ്ഥലംമാറ്റിയ നടപടി ഭരണപരമായ ആവശ്യകതകളെക്കാൾ മറ്റ് താൽപര്യങ്ങൾക്ക് മുൻഗണന നൽകിയെന്ന സംശയത്തിന് ഇടയാക്കുന്നതായി സെക്രട്ടറിയേറ്റ് വിലയിരുത്തി.
സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ സേവനമനുഷ്ഠിച്ചിരുന്ന ജീവനക്കാരെ വടക്കൻ ജില്ലകളിലേക്കും വടക്കൻ ജില്ലകളിലെ ജീവനക്കാരെ തെക്കൻ ജില്ലകളിലേക്കും വ്യാപകമായി മാറ്റിനിയോഗിച്ചിരിക്കുന്നത് ജീവനക്കാരുടെ കുടുംബപരവും സാമൂഹികവുമായ സാഹചര്യങ്ങളെ അവഗണിച്ചുള്ള നടപടിയാണ്. ഇതിലൂടെ സ്ഥലംമാറ്റ പ്രക്രിയയുടെ വിശ്വാസ്യതയും സുതാര്യതയും ചോദ്യം ചെയ്യപ്പെടുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഫിഷറീസ് മേഖലയിലെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്ന പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ വലിയ തോതിൽ ഒരേസമയം മാറ്റിനിയോഗിക്കുന്നത് വകുപ്പിന്റെ പ്രവർത്തന തുടർച്ചയെയും ഭരണകാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇതുമൂലം വിവിധ പദ്ധതികളുടെ നടത്തിപ്പിലും സേവന വിതരണത്തിലും തടസ്സങ്ങൾ നേരിടാനിടയുണ്ടെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ഫിഷറീസ് വകുപ്പിൽ രൂപപ്പെട്ടിരിക്കുന്ന അനിശ്ചിതത്വവും ആശങ്കയും അവസാനിപ്പിക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണം. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വകുപ്പിന്റെ കാര്യക്ഷമതയും പൊതുസേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പുവരുത്തുന്ന തീരുമാനങ്ങളാണ് സ്വീകരിക്കേണ്ടതെന്നും സ്ഥലം മാറ്റങ്ങൾ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നടപ്പിലാക്കണമെന്നും കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് എം.എൻ. ശരത് ചന്ദ്രലാലും ജനറൽ സെക്രട്ടറി എം. ഷാജഹാനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
