
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കല്‍ നോട്ടീസ്.ഡോക്‌ടർക്കെതിരെ വകുപ്പുതല അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.ആശുപത്രിയിലെ ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസർ ഡോ.രേഖാ കൃഷ്ണനെതിരെയാണ് നടപടി. പനിയും ശരീരവേദനയുമായി കഴിഞ്ഞ ദിവസം വൈകിട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയില്‍ എത്തിയ രോഗിയോട് ‘ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങള്‍ക്ക് ഓടിക്കയറി വരാനല്ല’ എന്ന ഡോക്ടറുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. പനിയും ശരീരവേദനയും എന്ത് എമർജൻസിയാണെന്ന് ഡോക്ടർ ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആശുപത്രി സൂപ്രണ്ട് ഡോ. നിബിൻ കൃഷ്ണ വനിതാ ഡോക്ടർക്കെതിരെ ഡി.എം.ഒയ്ക്ക് അച്ചടക്ക നടപടിക്ക് ശുപാർശ നല്‍കിയിരുന്നു.
