
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന യാത്രാ കേന്ദ്രങ്ങളായ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും സമീപം പ്രവർത്തിച്ചിരുന്ന കെ.ടി.ഡി.സി-യുടെ ‘ആഹാർ’ ഭക്ഷണശാല അടച്ചുപൂട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു പ്രവർത്തിക്കാൻ നടപടിയില്ല. പാചകവാതകം (ഗ്യാസ്) ലഭ്യമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മാസങ്ങൾക്ക് മുൻപ് സ്ഥാപനം താത്കാലികമായി പൂട്ടിയത്. എന്നാൽ പ്രതിസന്ധി പരിഹരിച്ച് റസ്റ്റോറൻ്റ് തുറക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല.
ദിവസേന ആയിരക്കണക്കിന് സാധാരണക്കാരായ യാത്രക്കാർക്ക് മിതമായ നിരക്കിൽ ശുചിത്വമുള്ള ഭക്ഷണം ലഭ്യമാക്കിയിരുന്ന പ്രധാന കേന്ദ്രമാണിത്. നഗരത്തിലെ മറ്റ് സ്വകാര്യ ഹോട്ടലുകളിലെ അമിതവിലയും ഗുണനിലവാരമില്ലായ്മയും കാരണം വലയുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു ഈ സർക്കാർ സ്ഥാപനം. റസ്റ്റോറൻ്റ് അനിശ്ചിതമായി പൂട്ടിയതോടെ സാധാരണക്കാരായ യാത്രക്കാരും ജീവനക്കാരും കടുത്ത ബുദ്ധിമുട്ടിലാണ്.
പൊതുമേഖലാ സ്ഥാപനത്തിൻ്റെ ഈ അനാസ്ഥയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. തുച്ഛമായ കാരണങ്ങൾ പറഞ്ഞ് ജനകീയമായ ഭക്ഷണശാല അടച്ചിടുന്നത് അംഗീകരിക്കാനാവില്ലെന്നും, പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച് ‘ആഹാർ’ എത്രയും വേഗം പുനരാരംഭിക്കാൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.
