
ജക്കാർത്ത: ഇന്തോനേഷ്യയിലെ പാപുവ മേഖലയില്‍ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തില്‍ ആറ് കുട്ടികളടക്കം 11 പേർ മരിച്ചു. സെൻട്രല്‍ പാപുവ പ്രവിശ്യയിലെ പനിയായി നഗരത്തില്‍ തിങ്കളാഴ്ച അർധരാത്രിക്ക് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. തീ അതിവേഗം സമീപത്തെ കടകളിലേക്കും വീടുകളിലേക്കും പടരുകയായിരുന്നു. അഗ്നിബാധയില്‍ മരിച്ച 11 പേരുടെയും മൃതദേഹങ്ങളില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മരിച്ചവരില്‍ അഞ്ച് പേർ മുതിർന്നവരും ആറ് പേർ കുട്ടികളുമാണ്. രണ്ട് മുതല്‍ ഒൻപത് വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്ന് പോലീസ് വക്താവ് ഹെൻറി ജെ. മനുരുങ് വ്യക്തമാക്കി.
മൂന്ന് മണിക്കൂറിലേറെ നീണ്ട തീപിടിത്തത്തില്‍ കുറഞ്ഞത് 40 കടകളും വീടുകളും പൂർണമായും കത്തിനശിച്ചു. അഗ്നിശമന സേന നിരവധി ഫയർ എൻജിനുകളും വാട്ടർ കാനണുകളും ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ പടർന്നുപിടിച്ച മേഖലയില്‍ കെട്ടിടങ്ങളും കടകളും വളരെ അടുത്തടുത്തായി സ്ഥിതി ചെയ്തിരുന്നതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും ഇടതിങ്ങി സ്ഥിതി ചെയ്തിരുന്നതാണ് തീ നിയന്ത്രണവിധേയമാക്കാൻ കൂടുതല്‍ സമയം വേണ്ടിവന്നതെന്ന് പോലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.സംഭവത്തില്‍ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
