ആലുവ: പ്രീ-സ്കൂളിൻ്റെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ മിനി ലോറി ഡ്രൈവർ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുത്തി .ആലുവ എടയപ്പുറം റോഡില്‍ രാവിലെ 10.30-ഓടെയാണ് സംഭവം നടന്നത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.തോട്ടുമുഖത്തു നിന്നും എടയപ്പുറത്തേക്ക് പോകുന്ന തിരക്കേറിയ റോഡരികില്‍ പ്രവർത്തിക്കുന്ന പ്രീ-സ്കൂളില്‍ നിന്നാണ് കുട്ടി ഗേറ്റിലൂടെ പുറത്തുകടന്നത്. ഈ സമയം അതുവഴി വന്ന മിനി ലോറിയുടെ ഡ്രൈവർ കുട്ടിയെ റോഡില്‍ കാണുകയും, ഉടൻ തന്നെ ഹോണ്‍ മുഴക്കി വാഹനം സുരക്ഷിതമായി നിർത്തിയിടുകയുമായിരുന്നു. തുടർന്ന് ഡ്രൈവറും ക്ലീനറും ചേർന്ന് കുട്ടിയെ റോഡില്‍ നിന്നും സുരക്ഷിതമായി മാറ്റി. ഇതിന് ശേഷം സ്കൂള്‍ അധികൃതരെ വിവരമറിയിച്ച് കുട്ടിയെ അവർക്ക് കൈമാറുകയായിരുന്നു.സ്കൂളില്‍ പെയിൻ്റിങ് ജോലികള്‍ നടക്കുന്നതിനാലാണ് ഗേറ്റ് തുറന്നുകിടന്നതെന്നാണ് അധികൃതർ നല്കുന്ന വിശദീകരണം.

