പത്തനംതിട്ട : ജില്ലയില്‍ പാമ്പ് കടിയേല്‍ക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. മല്ലപ്പള്ളി മുരണിയില്‍ വെല്‍ഡിങ് തൊഴിലാളിയായ രതീഷിനാണ് ഇന്ന് പാമ്പ് കടിയേറ്റത്.മുരണി സ്വദേശിയായ ഇദ്ദേഹത്തെ കടിച്ചത് അണലിയാണെന്നാണ് സംശയിക്കുന്നത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രതീഷ്, വെല്‍ഡിങ് ഉപകരണങ്ങള്‍ മുറിക്കുള്ളില്‍ വെക്കുന്നതിനിടെയാണ് പാമ്പ് ആക്രമിച്ചത്. ഉപകരണങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന പാമ്പ് രതീഷിന്റെ കൈവിരലില്‍ കടിക്കുകയായിരുന്നു.
ഉടൻ തന്നെ കൈ കുടഞ്ഞ് പാമ്പിനെ ദൂരേക്ക് എറിഞ്ഞ രതീഷിനെ ആംബുലൻസ് മുഖേന മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ടയില്‍ രണ്ട് ദിവസം മുൻപ് നാല് പേർക്കാണ് പാമ്പ് കടിയേറ്റത്.

