ദുബായ്: ദുബായില്‍ റോഡിന് നടുവില്‍ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് മിനിബസ് ഇടിച്ചുകയറി നിരവധി ഇന്ത്യൻ തൊഴിലാളികള്‍ മരിച്ചു.ദുബായിലെ എമിറേറ്റ്സ് റോഡിലാണ് ദരുണമായ ഈ അപകടം സംഭവിച്ചത്.അപകടത്തില്‍ ഏഴുപേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.നാലുപേർക്ക് നിസ്സാര പരിക്കുകളുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തി.സാങ്കേതിക തകരാറിനെ തുടർന്ന് ട്രക്ക് പെട്ടെന്ന് റോഡിന് നടുവില്‍ നിന്നുപോവുകയായിരുന്നുവെന്ന് ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലം ബിൻ സുവൈദാൻ പറഞ്ഞു.എന്നാല്‍ പുറകില്‍ നിന്ന് വന്ന മിനിബസ് ഡ്രൈവർ ശ്രദ്ധിക്കാതിരുന്നതും കൃത്യമായ അകലം പാലിക്കാതിരുന്നതുമാണ് ട്രക്കിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറാൻ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.അപകടത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താൻ ട്രാഫിക് അപകട അന്വേഷണ വിഭാഗത്തില്‍ നിന്നുള്ള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
അപകടത്തില്‍ തകർന്ന ട്രക്കും ബസും റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതായും പോലീസ് അറിയിച്ചു.

