എക്സ്പ്രഷൻ – An Eye on Art സംഘടിപ്പിച്ച “തിരുവനന്തപുരത്തെ ചിത്രകാരികൾ” എന്ന സംഗമം കലാസ്നേഹികളുടെ സാന്നിധ്യത്തിൽ ഹൃദയസ്പർശിയായ അനുഭവമായി മാറി.
കലാരംഗത്ത് ദീർഘകാലമായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മീനാകുമാരിയെ ആദരിച്ചു കൊണ്ടുള്ള ചടങ്ങിൽ മുഖ്യാതിഥിയായ തിരുവനന്തപുരം നഗരസഭ കൗൺസിലറും രാഷ്ട്രീയ പ്രവർത്തകയുമായ സിമി ജ്യോതിഷ് സ്നേഹാദരത്തോടെ പുരസ്കാരം സമർപ്പിച്ചു.
തുടർന്ന് തിരുവനന്തപുരം Govt. കോളേജ് ഫോർ വുമൺ , വഴുതക്കാട് ഫിസിക്സ് വിഭാഗം മുൻ മേധാവിയായിരുന്ന (Head of the Department of Physics) റിട്ടയേർഡ് പ്രൊഫ. കെ. സി. ഗീത, മീനാകുമാരിയുടെ കലാജീവിതത്തെ പരിചയപ്പെടുത്തി സംസാരിച്ചു. കേരളത്തിന്റെ തനതായ മ്യൂറൽ ചിത്രകലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മീനാകുമാരി, പരമ്പരാഗത ക്ഷേത്രചിത്രകല മുതൽ തഞ്ചാവൂർ, ഫാബ്രിക് പെയിന്റിംഗ്, കോസ്റ്റ്യൂം ഡിസൈനിംഗ് തുടങ്ങി വിവിധ കലാരൂപങ്ങളിൽ തന്റെ മികവ് തെളിയിച്ച കലാകാരിയാണെന്ന് അവർ പറഞ്ഞു. പുരാണ-ഇതിഹാസ വിഷയങ്ങൾക്കൊപ്പം നങ്ങേലിയുടെയും ബാലപീഡനത്തിന്റെയും പോലുള്ള സാമൂഹിക വിഷയങ്ങളും ശക്തമായി ചിത്രങ്ങളിലൂടെ അവതരിപ്പിച്ച മീനാകുമാരിയുടെ കലാസാമൂഹിക പ്രതിബദ്ധതയും അവർ എടുത്തുപറഞ്ഞു. ദേശീയ-അന്തർദേശീയ റെക്കോർഡ് നേട്ടങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ മീനാകുമാരി, ‘രത്ന ആർട്സ്’ വഴി പുതിയ തലമുറയ്ക്ക് കലാപരിശീലനവും നൽകിവരുകയാണെന്നും പ്രൊഫ. കെ. സി. ഗീത അഭിപ്രായപ്പെട്ടു
തുടർന്ന് നടന്ന സംവാദത്തിൽ എക്സ്പ്രഷൻ ചെയർമാൻ സുനിൽ സി.ഇ.,സിഇഒ ഉം എഡിറ്റർ ഉം ആയ രജനി മേനോൻ, ആർട്ടിസ്റ്റ് ടോമിന മേരി ജോൺ, സുധർമ്മ, സെലീന, ജ്യോതി, ദിവ്യ, കവിത റാണി എന്നിവർ തങ്ങളുടെ കലാനുഭവങ്ങളും സൃഷ്ടിപരമായ കാഴ്ചപ്പാടുകളും പങ്കുവെച്ചു. അനന്തപുരിയിലെ വനിതാ ചിത്രകാരികളുടെ അനുഭവങ്ങൾ പങ്കുവെച്ച ഈ വേദി ഏറെ പ്രചോദനാത്മകമായി.
പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണമായി ദിവ്യ എസ്. വിജീഷിന്റെ കവിതാസമാഹാരമായ **”തത്തമ്മ”**യുടെ രണ്ടാം പതിപ്പ് ബാലസാഹിത്യകാരന്മാരായ അർപ്പിത് ആർ. ഉണ്ണി വരദയ്ക്കു നൽകി പ്രകാശനം ചെയ്തു.
ബാലസാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം, അർപ്പിത് ആർ. ഉണ്ണി, വരദ, ദിവ്യ എസ്. വിജീഷ്, എക്സ്പ്രഷൻ ഫോട്ടോഗ്രാഫർ അജി എസ്., സുജാതാദേവി, സുകന്യ, കൂടാതെ ഡോ. വിജയകുമാർ, സെലീന സലാവുദ്ദീൻ തുടങ്ങി നിരവധി കലാസ്നേഹികളുടെ സാന്നിധ്യം ചടങ്ങിനെ കൂടുതൽ മനോഹരമാക്കി.



