വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടം; ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു

കാക്കനാട്: കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കല്‍ ദേവാലയത്തില്‍ ആർ കുഞ്ഞുമോന്‍റെയും ഷൈലജയുടെയും ഏക മകൻ ദേവാനന്ദൻ (27) ആണ് മരിച്ചത്.ഇൻഫോപാർക്കിലെ ‘കീവാല്യൂ സോഫ്റ്റ്‌വെയർ’ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 2.30ഓടെ ഇൻഫോപാർക് റോഡിലായിരുന്നു അപകടം. ഇൻഫോപാർക് പരിസരത്തെ ടർഫില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് സമീപത്തെ കടയില്‍ നിന്ന് ചായ കുടിച്ച്‌ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത തൂണില്‍ ഇടിച്ച്‌ കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ ഡോർ തകർന്നതോടെ മൂന്ന് പേർ പുറത്തേക്ക് തെറിച്ചുവീണു. റോഡില്‍ തലയടിച്ചുവീണ ദേവാനന്ദനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവിധ ഐടി കമ്പനികളിലെ ജീവനക്കാരായ ആര്യജിത്ത്, സിദ്ധാർഥ്, അർജുൻ, ആദർശ് എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

You May Also Like

About the Author: Jaya Kesari