
ദില്ലി: ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയത്തില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു. ഡെറാഡൂണില്‍ എത്തിയ മലയാളികള്‍ സുരക്ഷിതരാണെന്ന് വിവരം പുറത്തുവരുന്നുണ്ട്.മലയാളികള്‍ 3 ദിവസത്തിനകം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ. ഒന്നിന് പിറകെ മറ്റൊന്നായി ഏഴ് തവണ മിന്നല്‍ പ്രളയം ഉണ്ടായി എന്ന് ധരാലി സ്വദേശി സുമിത്ര് ധോടി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പ്രദേശവാസികള്‍ക്കൊപ്പം നിരവധി വിനോദസഞ്ചാരികളെയും കാണാതായിട്ടുണ്ട്. ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത അവസ്ഥയിലാണ് ഗ്രാമീണർ.
ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളത്തിലെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത് മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ ടിജു തോമസിന്റെ നേതൃത്വത്തിലാണ്. മരണസംഖ്യയെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നാണ് ടിജു തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. രക്ഷാപ്രവർത്തനം വളരെ വേഗം പൂർത്തിയാക്കുമെന്നും തെരച്ചിലിന് റഡാർ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നും ടിജു തോമസ് പറഞ്ഞു. ധരാലിയില്‍ മെഡിക്കല്‍ ക്യാംപും സജ്ജമാക്കിയിട്ടുണ്ട്.
