(അജിത്കുമാർ .ഡി)
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന തട്ടുകടകളിലും , ഹോട്ടലുകളിലും ഒന്നിലധികംപ്രാവശ്യം ചൂടാക്കി ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഉപയോഗം വ്യാപകം. ഇത് അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമായി ഉയരുകയാണ്. ഒന്നിലധികം പ്രാവശ്യം പാചക എണ്ണ ചൂടാക്കി ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പ് വിലക്കിയിട്ടുണ്ടെങ്കിലും മതിയായ പരിശോധനകൾ നടത്താത്തതിനാൽ ഇന്നത് എല്ലാ മേഖലകളിലും വ്യാപകമായി തീർന്നിരിക്കുകയാണ്. പാചക എണ്ണയുടെ വിലവർദ്ധനവ് മൂലം ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ നട്ടംതിരിയുന്നതിനിടയിലാണ്ഇത്തരം ഒരു നിയമലംഘനത്തിന് സ്വയം തയാറാകുന്നത് എന്നാണ് പരക്കെയുള്ള അഭിപ്രായമായി ഉയരുന്നത്. ഒരു പ്രാവശ്യം ഉപയോഗിക്കുന്ന പാചക എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോൾ അതിൽ ട്രാൻസ്ഫാറ്റ് എന്ന അംശത്തിന്റെ ശതമാനം ഉയരും. ട്രാൻസ് ഫാറ്റിന്റെ ശതമാനം 2 ൽ കുറവായെങ്കിൽ മാത്രമേ ആ എണ്ണ സുരക്ഷിതമായി ഉപയോഗിക്കാവൂ എന്നതാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദ്ദേശം. അടിക്കടി ഉപയോഗിക്കുന്ന എണ്ണ ചൂടാക്കി ഉപയോഗിക്കുമ്പോൾ അതിൽ ട്രാൻസ്ഫാറ്റിന്റെ അംശം 2 ശതമാനത്തിൽ കൂടുതൽ ആയി ഉയരുമ്പോൾ അത് വിഷമയമാകുകയും എണ്ണയിൽ വിഷാംശം രൂപപ്പെടുകയും ചെയ്യും. ഈ എണ്ണയുടെ ഉപയോഗം അർബുദ രോഗങ്ങൾക്ക് കാരണമാകും. ഒന്നിലധികം പ്രാവശ്യം ഉപയോഗിക്കുന്ന പാചക എണ്ണകൾ സാധാരണയായി ബയോ ഡീസൽ നിർമ്മാണത്തിനായുള്ള ഉപയോഗങ്ങൾക്കായിട്ടാണ് എടുക്കുന്നത്. പാചക എണ്ണയുടെ വില ഇന്ന് കിലോക്ക് വിപണിയിൽ 500 രൂപയോളം ഉണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം മേഖലയിൽ പ്രവർത്തിക്കുന്നവർ ഓട്ടോ മൊബൈൽസ് മേഖലകളിൽപ്രവർത്തിക്കുന്നവർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ച് ദിനം പ്രതി ഉപയോഗിച്ച എൻജിൻ ഓയിലുകൾ ശേഖരിക്കുന്നതിന് വളരെയധികം ആക്കം കൂടിയിട്ടുണ്ട്. ഒരു ലിറ്റർ ഉപയോഗിച്ച കരി ഓയിലിന് 30 രൂപ വച്ചാണ് ഇവർ ഷോപ്പ് ഉടമകൾക്ക് ഈ മേഖലയിൽപ്രവർത്തിക്കുന്ന രഹസ്യലോബി നൽകുന്നത്. ഇവരിൽ നിന്ന് ശേഖരിക്കുന്ന കരി ഓയിൽ തിരുവനന്തപുരത്ത് ബാലരാമപുരം റെയിൽവെക്രോസിനടുത്തുള്ള രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും അവിടെ നിന്ന് ബാരലുകളിൽ പാലക്കാടിനടുത്തുള്ള രഹസ്യ കേന്ദ്രത്തിലേക്ക് കടത്തികൊണ്ടുപോയി സംസ്കരിച്ചെടുത്ത് വിളക്കെണ്ണയായി രൂപാന്തരപ്പെടുത്തി തിരികെ വൻ വിലയിൽ വിപണിയിൽ എത്തിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. വ്യാജ എണ്ണയുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് അതിർത്തി ചെക്ക് പോസ്റ്റുകളിൽ എണ്ണ കടത്തിനെ സംബന്ധിച്ച് ശക്തമായ പരിശോധന ആവശ്യമായിരിക്കുകയാണ്.
