പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിൽ പൂജവയ്പ്പ് ഇന്ന്; ആയിരത്തിലധികം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

തിരുവനന്തപുരം: നവരാത്രി മഹോത്സവത്തിന്റെ എട്ടാം ഉത്സവ ദിനമായ ഇന്ന് 29.09.2025 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് പൂജവയ്പ്പ് ചടങ്ങുകൾക്ക് തുടക്കമാകും. വൈകുന്നേരം 7 മണിക്ക് സന്ധ്യാദീപരാധനയ്ക്കുശേഷം മഹാഗൗരി ദേവിക്ക് ദീപാരാധന കഴിഞ്ഞാലുടനാണ് പുസ്തകപൂജ വയ്ക്കുന്നത്. 30ന് ദുർഗ്ഗാഷ്ടമി ആണ്. ഒന്നാം തീയതി മഹാനവമിയും. രണ്ടാം തീയതി വിജയദശമിയും. വിജയദശമി ദിനമായ 2-ാം തീയതി രാവിലെ നാലുമണിക്ക് ക്ഷേത്ര നട തുറക്കും. 4.15ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. രാവിലെ 5.30ന് സ്വാതിതിരുനാൾ സരസ്വതി മണ്ഡപത്തിലും ശ്രീചിത്തിരതിരുനാൾ ആഡിറ്റോറിയത്തിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. 50ലധികം ആചാര്യന്മാർ ആണ് സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭത്തിനായെ ത്തുന്ന കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നത്.
7മണിക്ക് സംഗീത വിദ്യാരംഭവും നടക്കും. രാവിലെ 9 മണിക്ക് ഭഗവാൻ കുമാരസ്വാമിക്ക് ഭക്തിനിർഭരമായ സ്വീകരണം കരമന ജംഗ്ഷനിൽ നൽകും.
നൂറുകണക്കിന് താലപ്പൊലി, പഞ്ചവാദ്യം, റോളർ സ്കേറ്റിംഗ് എന്നിവയുടെ അകമ്പടിയോടെ ആചാര പ്രകാരം വെള്ളി കുതിരയിൽ ഏറിയ മുരുക സ്വാമിയെ പൂജപ്പുര മണ്ഡപത്തിലേക്ക് ആനയിക്കും. വഴിനീളെ ഭക്തജനങ്ങൾ നിറപറയും നിലവിളക്കും വച്ച് മുരുക സ്വാമിയെ സ്വീകരിക്കും. പുഷ്പവൃഷ്ടിയും ഉണ്ടാകും. 9.30 മണിയോടെ കുമാരസ്വാമിയെ പൂജപ്പുര മണ്ഡപം മൂന്ന് പ്രാവശ്യം വലം വച്ച ശേഷം പോലീസ് ഗാർഡ് ഓഫ് ഓണർ നൽകിയശേഷം മുരുക സ്വാമിയെ മണ്ഡപത്തിലെ പ്രത്യേക സ്ഥലത്ത് കുടിയിരുത്തും. തുടർന്ന് ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും മഹാകാവടി ഘോഷയാത്ര പൂജപ്പുര സരസ്വതി മണ്ഡപത്തിലേക്ക് പുറപ്പെടും. ഇക്കുറി ആയിരം കാവടികൾ ഘോഷയാത്രയിൽ ഉണ്ടാകും. വേൽ കാവടി , പുഷ്പ കാവടി , തേർ കാവടി , കുംഭകുടം, സൂര്യവേൽക്കാവടി തുടങ്ങിയവ ഘോഷയാത്രയിൽ ഉണ്ടായിരിക്കും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. ഉച്ചയ്ക്ക് 2 മണിക്ക് മഹാകാവടി അഭിഷേകം നടക്കും. 4.30 മണിക്ക് ഭഗവാൻ കുമാരസ്വാമിയുടെ പള്ളിവേട്ട നടക്കും. പോലീസിന്റെ ഗാർഡ് ഓഫ് ഓണർക്ക് ശേഷമാണ് പള്ളിവേട്ട നടക്കുന്നത്. പള്ളിവേട്ടയ്ക്ക് ശേഷം ഭഗവാൻ കുമാരസ്വാമിയുടെ തിരിച്ച് എഴുന്നള്ളത്ത് നടക്കുന്നതോടെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് സമാപനമാ കും.

You May Also Like

About the Author: Jaya Kesari