വിരമിച്ച അധ്യാപകന്റെ വീട്ടില്‍നിന്ന് സുഹൃത്ത് അഞ്ചുലക്ഷം രൂപയുടെ അഞ്ചരപ്പവൻ സ്വർണാഭരണം കവർന്നു;പ്രതി പിടിയിൽ

ചന്തേര : വിരമിച്ച അധ്യാപകന്റെ വീട്ടില്‍നിന്ന് സുഹൃത്ത് അഞ്ചുലക്ഷം രൂപയുടെ അഞ്ചരപ്പവൻ സ്വർണാഭരണം കവർന്നു. മാണിയാട്ട് തിരുനെല്ലൂർ ശിവക്ഷേത്രത്തിന് സമീപത്തെ സി.എം.രവീന്ദ്രന്റെ വീട്ടില്‍ സ്യൂട്ട്‌കേസില്‍ സൂക്ഷിച്ച ഒരുപവൻ വീതമുള്ള മൂന്ന് വളയും രണ്ടരപ്പവന്റെ മാലയുമാണ് കവർന്നത്. സംഭവത്തില്‍ നീലേശ്വരം പടിഞ്ഞാറ്റം കൊവ്വലിലെ പി.വി. വിനോദ് (55) അറസ്റ്റിലായി.
രവീന്ദ്രൻ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ സുഹൃത്തും ഡ്രൈവറുമായ വിനോദാണ് ആഭരണം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞു. ഒക്ടോബർ 17-ന് ഉച്ചയ്ക്ക് ഒന്നിനും 21-ന് രാത്രി എട്ടിനും ഇടയിലാണ് വിനോദ് കവർച്ച നടത്തിയതെന്ന് ചന്തേര പോലീസില്‍ രവീന്ദ്രൻ നല്‍കിയ പരാതിയില്‍ പറയുന്നു. മോഷണം നടത്തിയശേഷം മാണിയാട്ടെ ഒരു ഓട്ടോറിക്ഷയിലാണ് വിനോദ് നീലേശ്വരത്തേക്ക് പോയത്. വിനോദ് ആഡംബരത്തിനായി പണം ചെലവിടുന്നതായും സൂക്ഷിക്കണമെന്നും നീലേശ്വരത്തെ ബന്ധു നല്‍കിയ സൂചനയാണ് മോഷ്ടാവിനെ പിടികൂടാൻ രവീന്ദ്രന് സഹായമായത്. കവർച്ച നടത്തിയ വിനോദ് മാണിയാട്ടുനിന്ന്‌ നീലേശ്വരത്തേക്ക് പോയ അതേ ഓട്ടോറിക്ഷയില്‍ കഴിഞ്ഞദിവസം രവീന്ദ്രനും നീലേശ്വരത്തേക്ക് യാത്രചെയ്ത് വിവരം ശേഖരിച്ചു.

You May Also Like

About the Author: Jaya Kesari