തോട്ടുവക്കത്ത്‌ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു.

വൈക്കം: തോട്ടുവക്കത്ത്‌ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. ഒറ്റപ്പാലം കണിയാപുരം അനുഗ്രഹയില്‍ ഷണ്‍മുഖന്റെ മകന്‍ ഡോ.അമല്‍ സൂരജാണ്‌ മരിച്ചത്‌. കൊട്ടാരക്കര ചങ്ങമനാട്‌ റാഫ അരോമ ആശുപത്രിയിലെ കോസ്‌മറ്റോളജി വിഭാഗം ഡോക്‌ടറായ അമല്‍ എറണാകുളത്തുള്ള സുഹൃത്തിനെ കാണുന്നതിനായി പോകുന്നതിനിടയിലായിരുന്നു അപകടം. രണ്ടു ദിവസം മുന്‍പാണ്‌ പാലക്കാട്ടെ വീട്ടില്‍ പോയി വന്നത്‌.
വ്യാഴാഴ്‌ച രാത്രിയിലാണ്‌ അപകടമുണ്ടായതെന്നു കരുതുന്നു. റോഡിനു വശത്തായുള്ള മരക്കുറ്റികള്‍ ഇടിച്ചുതെറിപ്പിച്ചാണ്‌ കാര്‍ കനാലിലേക്ക്‌ വീണത്‌. അപകട സമയം ഇതാരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തോടിന്റെ ഒരു ഭാഗത്ത്‌ വീടുകളുണ്ടെങ്കിലും റോഡില്‍നിന്ന്‌ അല്‍പം മാറിയാണ്‌. തോടിനു മറുവശത്ത്‌ വീടുകളില്ല. പുലര്‍ച്ചെ നടക്കാന്‍ പോയവരാണ്‌ കാര്‍ കനാലില്‍ കിടക്കുന്നത്‌ആദ്യം കാണുന്നത്‌. അവര്‍ പൊലീസ്‌ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു.
പോലീസ്‌ വിവരം അറിയിച്ചതിനെത്തുടര്‍ന്ന്‌ ഫയര്‍ ഫോഴ്‌സ്‌ സ്‌ഥലത്തെത്തി കനാലില്‍ വീണ കാറിന്റ ഡിക്കി തുറന്നുപരിശോധിച്ചപ്പോഴാണ്‌ മൃതദേഹം കണ്ടത്‌. മൃതദേഹം മോര്‍ച്ചറിയിലേക്ക്‌ മാറ്റി.പിന്നീട്‌ ക്രെയിനിന്റെ സഹായത്തോടെ കാര്‍ കനാലില്‍നിന്നുയര്‍ത്തി.

You May Also Like

About the Author: Jaya Kesari