തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ വരുമാനമെല്ലാം കയ്യടക്കി ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ ദുരിതത്തിലാക്കുകയാണെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന വൈസ്പ്രസിഡന്റ് ജി.കെ. സുരേഷ്ബാബു പറഞ്ഞു. ശബരിമലയില്‍ വേണ്ടത്ര സൗകര്യമൊരുക്കാതെ ഭക്തജനങ്ങളെ കഷ്ടപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാനത്തേക്ക് കേരള ക്ഷേത്രസംരക്ഷണ സമിതി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ദേവസ്വംബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ആസൂത്രണമില്ലായ്മ മൂലമാണ് ഭക്തജനങ്ങള്‍ കഷ്ടപ്പെടുന്നത്. ടോയ്ലറ്റുകള് പൊട്ടിപ്പൊളിഞ്ഞു, കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ 18 മണിക്കൂറോളം ക്യൂനിന്ന് കുട്ടികളും സ്ത്രീകളും തളര്‍ന്നുവീണു. തിരക്കുമൂലം തളര്‍ന്നുവീണ് മരിച്ച ആളുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ഒര് ആംബുലന്‍സ് പോലും ദേവസ്വംബോര്ഡിനില്ലായിരുന്നു. സര്‍ക്കാരിനാകട്ടെ ഇതിനെക്കുറിച്ചൊന്നും ചിന്തയില്ല. ശബരിമലയിലെ സ്വര്‍ണം കൊള്ളയടിക്കുന്നതിലാണ് അവരുടെ താല്പര്യം. ശബരിമലയിലെ സ്വര്‍ണക്കൊള്ളയെക്കുറിച്ച് മുഖ്യമന്ത്രി വാതുറക്കുന്നില്ല. മുഖ്യമന്ത്രിക്ക് സ്വര്‍ണത്തോടുള്ള ആര്‍ത്തി എല്ലാപേര്‍ക്കും അറിയാവുന്നതാണ്. മറ്റേതെങ്കിലും മതത്തോട് ആയിരുന്നെങ്കില്‍ പിണറായി വിജയന് സര്‍ക്കാര്‍ ഇത്തരം ക്രൂരത ചെയ്യുമായിരുന്നോ. ശബരിമലയിലെ ഭക്തരുടെ ദുരിതം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണന് അധ്യക്ഷനായി. സംസ്ഥാന പ്രചാര്‍പ്രമുഖ് ഷാജു വേണുഗോപാല്‍, ഹിന്ദുഐക്യവേദി ജില്ലാവര്‍ക്കിംഗ് പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍, വിഎച്ച്പി ജില്ലപ്രസിഡന്റ് സനല്‍, കൗണ്‍സിലര്‍ മധുസൂദനന്‍നായര്‍, മാതൃസമിതി ജില്ലാപ്രസിഡന്റ് ജയശ്രീഗോപാലകൃഷ്ണന്‍, മേഖലാ ജനറല്‍ സെക്രട്ടറി ഭുവനചന്ദ്രന്,സംയോജക് പാപ്പനം കോട് അനിൽ, ജില്ലാ സെക്രട്ടറി എസ് അനിൽകുമാർ, താലൂക് പ്രസിഡന്റ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

