കാസര്‍ഗോഡ് മഞ്ചേശ്വരത്ത് പതിനെട്ടുകാരി ജുമൈലയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുത്തേറ്റ ബന്ധുവും മരിച്ചു.മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.പ്രതി ഉമ്മര്‍ ഫാറൂഖിന്റെ ലഹരി ഉപയോഗത്തെ എതിര്‍ത്ത് മകള്‍ ജുമൈലയും മാതാവും കുഞ്ചത്തൂര്‍ തൂമിനാടുള്ള ബന്ധുവീട്ടില്‍ ആയിരുന്നു താമസം. വിവാഹമോചന കേസ് നടക്കുന്നതിനാല്‍ ജുമൈലയുടെയും മാതാവിന്റെയും സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് പ്രതിയായ ഉമ്മറിനോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ ജുമൈലയുടെ മാതാവിന്റെ പേരിലുണ്ടായ സ്ഥലം തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് പ്രതിയും ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജുമൈലയും മാതാവും താമസിക്കുന്ന തൂമിനാട് ഹില്‍ ടോപ്പിലുള്ള വീട്ടില്‍ പ്രതിയും സഹോദരനും എത്തി. തന്റെ പേരിലുള്ള സ്ഥലം ഉമ്മറിന്റെ പേരില്‍ എഴുതി നല്‍കില്ലെന്നും മകള്‍ ജുമൈലയുടെ പേരില്‍ എഴുതാമെന്നും ഭാര്യ പറഞ്ഞതോടെ ഉമ്മര്‍പ്രകോപിതനാവുകയായിരുന്നു. കൈയ്യില്‍ ഒളിപ്പിച്ചിരുന്ന കത്തി വീശിയതോടെ ബന്ധുവായ സേഖ് അബ്ബായ്ക്ക് പരുക്കേറ്റു. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് ജുമൈലയ്ക്ക് കുത്തേറ്റത്.

