കൊച്ചി : സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകള്‍ പിൻവലിക്കുക, കർഷകവിരുദ്ധ നിയമങ്ങള്‍ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.സിഐടിയു, ഐഎൻടിയുസി, എഐടിയുസി തുടങ്ങി പത്ത് തൊഴിലാളി സംഘടനകളും വിവിധ ഫെഡറേഷനുകളുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സിപിഎം, സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സംഘടനകള്‍ പണിമുടക്കിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ചയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, പണിമുടക്കിന് സർക്കാർ ഡയസ് നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.പണിമുടക്കിനോട് എല്ലാ വിഭാഗം തൊഴിലാളികളും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിഐടിയു കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ മനോഹരൻ പറഞ്ഞു. ബലം പ്രയോഗിച്ചു ആരെയും തടയില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ സഹകരിക്കണമെന്ന് ആവശ്യപ്പെടും. പണിമുടക്കിനോട് സഹകരിക്കണമെന്ന് വ്യാപാരികളോടും അഭ്യർഥിച്ചിട്ടുണ്ട്.

