കൊല്ലം: ഡോക്ടർ വന്ദനദാസ് കൊലക്കേസില്‍ കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്‍റെ ശിക്ഷാവിധി ഇന്ന്.കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം എന്നതാണ് പ്രോസിക്യൂഷൻ വാദം. വിധി കേള്‍ക്കാൻ വന്ദനയുടെ മാതാപിതാക്കള്‍ കോടതിയില്‍ എത്തും.
2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ഡോക്ടർ വന്ദന ദാസിനെ കൊലപെടുത്തിയ കേസില്‍ പ്രതി കുടവട്ടൂർ സ്വദേശി സന്ദീപ് കുറ്റക്കാരൻ ആണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, വധശ്രമം, സ്ത്രീകള്‍ക്ക് എതിരെ ഉള്ള അതിക്രമം ഉള്‍പ്പെടെ പോലീസ് ചുമത്തിയ കുറ്റങ്ങളില്‍ എല്ലാം പ്രതി കുറ്റക്കാരൻ എന്നാണ് കോടതിയുടെ കണ്ടെത്തല്‍.കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും വാദങ്ങള്‍ അവതരിപ്പിക്കും. പ്രതിക്ക് പറയാൻ ഉള്ളതും കോടതി കേള്‍ക്കും. ഇതിനെല്ലാം ശേഷം ആയിരിക്കും ശിക്ഷാവിധി പറയുക.സന്ദീപിന് പരമാവധി ശിക്ഷ തന്നെ നല്‍കണം എന്നതാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ഇരട്ട ജീവപര്യന്തം വരെ പ്രതിക്ക് ലഭിക്കാനാണ് സാധ്യത. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം ഉള്‍പ്പടെ ചുമത്തിയിട്ടുള്ളത് കൊണ്ട് പ്രതിക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കാനും സാധ്യതയില്ല.
കരുതികൂട്ടി ചെയ്‌തത് അല്ലെന്നും പെട്ടെന്ന് ഉണ്ടായ മാനസിക പ്രശ്നങ്ങളെ തുടർന്നാണ് അതിക്രമം നടത്തിയത് എന്നുമാണ് പ്രതിഭാഗം വാദം.
സന്ദീപിന് പ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ റിപ്പോർട്ട് നേരത്തെ തന്നെ മെഡിക്കല്‍ ബോർഡ് കോടതിയില്‍ ഹാജരാക്കിയിരുന്നു. വിധി കേള്‍ക്കാൻ വന്ദനയുടെ അച്ഛനും അമ്മയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയില്‍ എത്തും.

