ജില്ലയില്‍ കോഴിയിറച്ചിവിലയില്‍ ഗണ്യമായ ഇടിവ്

ആലപ്പുഴ: ജില്ലയില്‍ കോഴിയിറച്ചിവിലയില്‍ ഗണ്യമായ ഇടിവ്. ഹോട്ടലുകള്‍ പലതും അടച്ചതും വിഭവങ്ങള്‍ ചുരുക്കിയതും കോഴിയുടെ ആവശ്യകത കുറച്ചു.ഇതോടെ രണ്ടാഴ്ചമുൻപ് കിലോയ്ക്ക് 150 രൂപവരെ എത്തിയിരുന്ന കോഴിയിറച്ചി വില ഇപ്പോള്‍ 120 രൂപയിലെത്തി.മുൻപ് ഒരുദിവസം ശരാശരി ഒന്നേകാല്‍ ലക്ഷം കിലോ കോഴിയിറച്ചി ജില്ലയില്‍ ആവശ്യമായിരുന്നെങ്കില്‍, ഇപ്പോഴത് പകുതിയായി കുറഞ്ഞു. ഹോട്ടലുകളുടെ ആവശ്യക്കുറവു കാരണം വിപണിയില്‍ കോഴി സുലഭമായി. ഇതാണ് വിലക്കുറവിനു കാരണം.വില്‍പ്പന കുറഞ്ഞത് വ്യാപാരികള്‍ക്കും കർഷകർക്കും തിരിച്ചടിയായിട്ടുണ്ട്. സ്റ്റോക്ക് കൂടുന്നതോടെ നഷ്ടഭീഷണി ഉയർന്നു. ഇതോടെ പുതുതായി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനോ വളർത്താനോ കർഷകർ മടിക്കുന്നുണ്ട്. ഒരുമാസം മുൻപ് 55 രൂപയായിരുന്ന കോഴിക്കുഞ്ഞിന്റെ വില ഇപ്പോള്‍ 15 രൂപയിലേക്കു താഴ്‌ന്നു.ഇപ്പോഴത്തെ സാഹചര്യത്തില്‍ ആയിരംകോഴിയെ വളർത്തണമെങ്കില്‍ കുറഞ്ഞത് 700 ലിറ്റർ ശുദ്ധജലമെങ്കിലും വേണം. കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വെള്ളം പണംകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്. ചൂടിനെ പ്രതിരോധിക്കാൻ മരുന്നുകളുണ്ടെങ്കിലും അതിനും വലിയ വില നല്‍കണം. ചൂടു കുറയ്ക്കുന്നതിന് കോഴികള്‍ക്ക് ഇടയ്ക്കിടെ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്ന രീതിയുമുണ്ട്. അതിനും ജലം കൂടുതല്‍ ആവശ്യമാണ് .

You May Also Like

About the Author: Jaya Kesari