തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്കില്‍ റൈഡ് പൊട്ടിവീണ് കുട്ടികളടക്കം 5 പേർക്ക് പരിക്കേറ്റു.നാഗർകോവില്‍ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേല്‍(14), റോസ് (16) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ഒരേ കുടുംബാംഗങ്ങളാണ്. ഇവരെ സമീപത്തുള്ള സെന്റ് ജോണ്‍സ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പാർക്കിലെ ജയന്റ് വീല്‍ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. ഉയർന്ന പൊങ്ങിയ സമയത്ത് വെല്‍ഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.26 പേർ ജയന്റ് വീലില്‍ ഉണ്ടായിരുന്നു.അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ പാർക്കില്‍ ഇല്ലായിരുന്നുവെന്നും ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഹാപ്പി ലാൻഡില്‍ മുൻപും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.റൈഡിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത നിലയിലാണ്. നിലവില്‍ ഹാപ്പിലാന്‍ഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. റൈഡിൻ്റെ വെല്‍ഡിങ് പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം

