മലപ്പുറം താനാളൂരില്‍ വൻ മയക്കുമരുന്ന് വേട്ട.

തിരൂർ: കേരള എക്സൈസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മലപ്പുറം താനാളൂരില്‍ വൻ മയക്കുമരുന്ന് വേട്ട.തിരൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ. അനുശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍, വിപണിയില്‍ പത്ത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 153.462 ഗ്രാം എംഡിഎംഎയുമായി താനാളൂർ സ്വദേശി തേക്കുംകാട്ടില്‍ അബ്ദുള്‍ മജീദ് (40) പിടിയിലായി. ഇയാള്‍ താമസിക്കുന്ന കെടി ജാറം എന്ന സ്ഥലത്തെ വീട്ടില്‍ നിന്നാണ് അതിമാരകമായ ഈ രാസലഹരി കണ്ടെടുത്തത്.
ലഹരിമരുന്നിന് പുറമെ, മയക്കുമരുന്ന് വില്‍പ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 2,46,000 രൂപയും ഇയാളുടെ വീട്ടില്‍ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിലെ തീരദേശ മേഖലകളില്‍ ലഹരി എത്തിക്കുന്ന വൻ ശൃംഖലയിലെ പ്രധാന കണ്ണിയാണ് പിടിയിലായ അബ്ദുള്‍ മജീദ് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.വിദേശത്തുനിന്നും ക്യാരിയർമാരെ ഉപയോഗിച്ച്‌ വൻതോതില്‍ രാസലഹരികള്‍ ജില്ലയിലേക്ക് എത്തിക്കുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

You May Also Like

About the Author: Jaya Kesari