തിരുവനന്തപുരം: നാലാഞ്ചിറയില്‍ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മക്കളുടെ കണ്‍മുന്നിലാണ് ക്രൂരമായ കൊലപാതകം നടന്നത്.ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷ് സംഭവത്തിന് ശേഷം കാറുമായി കടന്നു കളഞ്ഞു.
വട്ടിയൂർക്കാവ് സ്വദേശിയാണ് ഇലക്‌ട്രീഷ്യനായ സുരേഷ്. മണക്കാട് സ്വദേശിനിയാണ് ഹസീന. നാലഞ്ചിറയില്‍ നാല് മക്കള്‍ക്കൊപ്പം നാല് മാസം മുൻപാണ് ഇവർ ഇവിടെ വാടകയ്‌ക്ക് താമസം തുടങ്ങിയത്. 17 നും എട്ടിനും ഇടയിലാണ് മക്കളുടെ പ്രായം. അമ്മൂമ്മയും ഇവർക്കൊപ്പം താമസിച്ചിരുന്നു. ദമ്പതികള്‍ തമ്മില്‍ തർക്കങ്ങള്‍ പതിവായിരുന്നു എന്നാണ് അയല്‍ക്കാർ നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം സുരേഷിനെതിരെ ഹസീന മണ്ണന്തല പൊലീസില്‍ പരാതി നല്‍കാൻ എത്തിയിരുന്നു. എന്നാല്‍ പൊലീസ് സുരേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രശ്നം പറഞ്ഞ് തീർത്ത് തിരിച്ചയക്കുകയായിരുന്നു.പുലർച്ചെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടാകുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് കത്തി കഴുകി വൃത്തിയാക്കി കാറുമായി കടന്നു കളയുകയായിരുന്നു.

