
ബോസ്റ്റണ്‍: അമേരിക്കയിലെ മസാച്യുസെറ്റ്സില്‍ ഇന്ത്യൻ വംശജയായ അമ്മയെയും 14 വയസ്സുള്ള അനുജനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.മസാച്യുസെറ്റ്സിലെ ആക്ടണിലുള്ള മാർത്ത ലെയ്നിലെ വീട്ടില്‍ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.ഇന്ത്യൻ വംശജയായ സുധ വെങ്കിടേശൻ (45), ഇവരുടെ ഇളയ മകൻ സിദ്ധാർത്ഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ 17-കാരൻ അർജുനെതിരെ രണ്ട് കൊലക്കുറ്റങ്ങളും, കുടുംബാംഗങ്ങളെ ആക്രമിച്ചതിനും, അനുമതിയില്ലാതെ വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞതിനുമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം അമ്മയുടെ കാറുമായി കടന്നുകളഞ്ഞ പ്രതിയെ ബുധനാഴ്ച പുലർച്ചെ വെയ്ലാൻഡിലെ ഒരു പാർക്കിംഗ് ഏരിയയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.ചൊവ്വാഴ്ച വൈകുന്നേരം 6.30-ഓടെ വീട്ടിലുള്ളവരെ ഫോണില്‍ ബന്ധപ്പെടാൻ സാധിക്കാതെ വന്നതിനെ തുടർന്ന് അർജുന്റെ പിതാവാണ് പോലീസിനെ വിവരമറിയിക്കുന്നത്. കുട്ടികളെ പഠിപ്പിക്കാൻ എത്തിയ ട്യൂട്ടർക്കും വീട്ടില്‍ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുൻപാണ് പിതാവ് ഭാര്യയുമായി അവസാനമായി സംസാരിച്ചത്. വിവരമറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോള്‍ അമ്മയുടെയും മകന്റെയും മൃതദേഹങ്ങളാണ് കണ്ടത്.
