കാർ തടഞ്ഞുനിർത്തി കരാറുകാരനെ അഞ്ചംഗസംഘം നടുറോഡിലിട്ട് മർദിച്ചു സംഭവം വിളപ്പിൽശാലയിൽ

വിളപ്പിൽശാല: കാർ തടഞ്ഞുനിർത്തി കരാറുകാരനെ അഞ്ചംഗ സംഘം നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു. വിളപ്പിൽശാല പുറ്റുമ്മേൽകോണം ജംഗ്ഷനിൽ തിങ്കളാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കാട്ടാക്കടയിൽ നിന്ന് വിളപ്പിൽശാലയിലേക്ക് വരികയായിരുന്ന ഗവ. കരാറുകാരൻ ഊറ്റുകുഴി നസീമ മൻസിലിൽ നൂർമുഹമ്മദ് (56) നെയാണ് രണ്ടു ബൈക്കുകളിലായി പിൻതുടർന്നെത്തിയ അഞ്ചംഗ സംഘം പുറ്റുമ്മേൽകോണത്ത് കാർ തടഞ്ഞുനിർത്തി നടുറോഡിലിട്ട് മർദിച്ചത്. അക്രമണത്തിൽ പരിക്കേറ്റ നൂർമുഹമ്മദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പനംകോട് മാന്തോപ്പിൽ തമ്പുരാൻ കാവിനു സമീപം മദ്യലഹരിയിൽ നിന്ന യുവാക്കൾ യാതൊരു പ്രകോപനവുമില്ലാതെ നൂർമുഹമ്മദ് സഞ്ചരിച്ച കാറിനെ രണ്ട് ബൈക്കുകളിൽ പിൻതുടരുകയായിരുന്നു. പുറ്റുമ്മേൽകോണത്തെ കൊടുംവളവിൽ തിരിയുന്നതിനിടെ ബൈക്കുകൾ കാറിനെ മറികടന്ന് തടഞ്ഞു നിർത്തുകയായിരുന്നു. കാറിൻ്റെ ഡോർ തുറന്ന് നൂർമുഹമ്മദിനെ വലിച്ച് പുറത്തിട്ട് പൊതിരെ മർദ്ദിച്ച ശേഷം ബൈക്കുകളിൽ രക്ഷപെട്ടു. അക്രമിസംഘത്തെ വിളപ്പിൽശാല പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. വിളപ്പിൽശാല ചവർ ഫാക്ടറി വിരുദ്ധ ജനകീയ സമരസമിതിയുടെ കൺവീനറായിരുന്നു മർദ്ദനമേറ്റ നൂർമുഹമ്മദ്. കാട്ടാക്കട – വിളപ്പിൽശാല റോഡിൽ മൊഴുവൻകോട് മുതൽ കുണ്ടാമൂഴി വരെയുള്ള വിജനമായ പ്രദേശങ്ങളിൽ വൈകുന്നേരങ്ങളിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സാമൂഹ്യവിരുദ്ധർ തമ്പടിച്ച് കാറിലും ബൈക്കിലും സഞ്ചരിക്കുന്നവരെ അക്രമിക്കുന്നതായി പരാതിയുണ്ട്. മാസങ്ങൾക്ക് മുമ്പാണ് മലപ്പനംകോട് വാഹനം തടഞ്ഞു നിർത്തി പിടിച്ചുപറിയുണ്ടായത്. പ്രദേശങ്ങളിൽ പോലീസ് പെട്രോളിംഗ് ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

You May Also Like

About the Author: Jaya Kesari