
വീട്ടിലെ ടെലിവിഷൻ തകരാറിലായ മനോവിഷമത്തില്‍ കാസർഗോഡ് വീട്ടമ്മ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു.മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭുവാണ് (65) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.കഴിഞ്ഞ ദിവസം രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു സാവിത്രി, മകൻ ഗുരുപ്രസാദ് പ്രഭു എന്നിവർ. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് മാതാവിനെ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അടുക്കളയിലെ ഫൈബർ കസേരയില്‍ ഇരുന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണയെടുത്ത് ദേഹത്ത് ഒഴിച്ച്
തീകൊളുത്തുകയായിരുന്നു. കസേര ഉരുകി ദേഹത്ത് പറ്റിപ്പിടിച്ച് നിലത്ത് കമിഴ്ന്ന് കിടന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.രാവിലെ ആറുമണിക്ക് ഉറങ്ങി എഴുന്നേല്ക്കുന്ന സ്വഭാവക്കാരിയാണ് സാവിത്രിയെന്ന് മകൻ ഗുരുപ്രസാദ് പറഞ്ഞു. എഴുന്നേറ്റ ഉടൻ ടി വി കാണാൻ തുടങ്ങും. കഴിഞ്ഞ ദിവസം ടി വി തകരാറിലായതിനെ തുടർന്ന് നന്നാക്കാൻ കൊണ്ടു പോയിരുന്നു. ഇന്നു തകരാർ പരിഹരിച്ച ശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ വീട്ടില്‍ ടി വി ഇല്ലാത്തതിനാല്‍ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു മാതാവെന്നും മകൻ അറിയിച്ചു.
