
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ സയന്റിസ്റ്റ് – ജി (സീനിയർ ഗ്രേഡ്) ശ്രീ ബാലറാം ശങ്കരന്, ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം 2026 ലഭിച്ചു.
അഹമ്മദാബാദിൽ വച്ച് നടന്ന ചടങ്ങില്‍, എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (EDII) ആണ് ഈ പുരസ്കാരം ശ്രീ ബാലറാം ശങ്കരന് നൽകിയത്.
ശ്രീചിത്രയിൽ മെഡിക്കൽ ടെക്നോളജി ഇൻക്യുബേഷൻ സെൻ്റർ (TIMed) സ്ഥാപിക്കുന്നതിലും മെഡ്ടെക് സ്റ്റാർട്ടപ്പുകളെ വളർത്തിയെടുക്കുന്നതിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഭാരതത്തിലെ ഇരുപത്തിയഞ്ചൊളം സംസ്ഥാനങ്ങളിലെയും, കൂടാതെ പതിനെട്ടു രാജ്യങ്ങളില്‍ നിന്നും ഉള്‍പ്പടെ മുന്നൂറ്റിരണ്ടു സ്ഥാപനങ്ങളിലെ അഞ്ഞൂറ്റിമുപ്പത്തി രണ്ട് അപേക്ഷകരിൽ നിന്നാണ് ശ്രീ. ബാലറാം ശങ്കരനെ തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയുടെ പുരസ്കാരത്തുകയുമാണ് സമ്മാനം.
ഭാരതത്തില്‍ സംരംഭകത്വ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വഴിതെളിച്ച ഡോ. വി.ജി. പട്ടേലിന്റെ സ്മരണാർഥമാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രാഥമിക പരിശോധന, വിദഗ്ധ സമിതിയുടെ വിശദമായ വിലയിരുത്തൽ, ഷോർട്ട്ലിസ്റ്റ് ചെയ്തവരുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച എന്നിവ ഉൾപ്പെടുന്ന ത്രിതല തിരഞ്ഞെടുപ്പ് നടപടികളിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.
