കൊച്ചിയിലെ വനിതകൾ ഇരുചക്രവാഹനങ്ങളുമായി ആത്മവിശ്വാസത്തോടെ മുന്നോട്ട് റോയൽ ബ്രദേഴ്‌സും എംബിഎസ്‌ഐയും ചേർന്ന് സംഘടിപ്പിച്ച “ആർബി ഫോർ വിമെൻ” പരിശീലന പരിപാടിയിൽ 150-ലധികം വനിതാ റൈഡർമാർ പങ്കെടുത്തു.

കൊച്ചി : വനിതാ ശാക്തീകരണത്തിന്റെയും നഗര ഗതാഗത സാധ്യതകളുടെയും സുപ്രധാന മുന്നേറ്റം കുറിച്ചു കൊണ്ട് പ്രമുഖ ബൈക്ക് റെന്റൽ പ്ലാറ്റ്‌ഫോമായ റോയൽ ബ്രദേഴ്‌സും, യമഹ മോട്ടോർ – ജപ്പാന്റെ അനുബന്ധ സ്ഥാപനമായ എംബിഎസ്‌ഐയും (മോട്ടോ ബിസിനസ്സ് സർവീസ് ഇന്ത്യ) ചേർന്ന് സ്ത്രീകൾക്കായി “ആർബി ഫോർ വിമെൻ” ബൈക്ക് റൈഡിംഗ് പരിശീലന പരിപാടി കൊച്ചിയിൽ സംഘടിപ്പിച്ചു.

വ്യക്തിഗത സ്വാതന്ത്ര്യവും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പരിശീലന പരിപാടിയിൽ, കൊച്ചി നഗരത്തിലെ ദൈനംദിന യാത്രകൾക്കായി ഓട്ടോമാറ്റിക്, ഗിയർലെസ് സ്കൂട്ടറുകൾ സുഗമമായി കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും, ഗിയർ മോട്ടോർസൈക്കിളുകൾ ആത്മവിശ്വാസത്തോടെ ഓടിക്കാൻ ആവശ്യമായ പ്രായോഗിക പരിശീലനവും നൽകി. ഈ വർഷം കേരളത്തിൽ പ്രവർത്തനം ആരംഭിച്ച റോയൽ ബ്രദേഴ്‌സ് നിലവിൽ 4 നഗരങ്ങളിൽ സാന്നിധ്യമുണ്ട്.

150-ലധികം വനിതകൾ വേദിയിൽ ഒത്തുകൂടിയതോടെ, പരിശീലനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആവേശത്തിന്റെയും സജീവ ഇടമായി മാറി. പരിശീലന സെഷൻ അവസാനിച്ചപ്പോഴേയ്ക്കും ഓരോ വനിതയും പുതിയ റൈഡിംഗ് കഴിവുകൾ സ്വന്തമാക്കുകയും, പരിശീലനം പൂർത്തിയാക്കിയതിനുള്ള സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുകയും ചെയ്തു. തീരദേശ മേഖലയിലെ ഗതാഗതക്കുരുക്കുകളിൽ സുരക്ഷിതമായി സഞ്ചരിക്കാനുള്ള പ്രായോഗിക ആത്മവിശ്വാസം ഈ വനിതാ റൈഡർമാർ കൈവരിച്ചു. പരമ്പരാഗതമായ പല ധാരണകളെയും മറികടന്ന് മുന്നേറുന്ന ഈ സംരംഭത്തിലൂടെ രാജ്യത്തുടനീളം ഇതിനകം 1,500-ലധികം വനിതകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ദൈനംദിന യാത്രകൾ സ്വയം നടത്താൻ ആവശ്യമായ കഴിവുകളും ആത്മവിശ്വാസവും ഈ സംരംഭം വനിതകൾക്ക് നൽകുന്നു.

പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിലാണ് വനിതകൾ പരിശീലനം നേടിയത്. വാഹനം കുറഞ്ഞ വേഗതയിൽ ബാലൻസ് ചെയ്ത് ഓടിക്കുക, ത്രോട്ടിൽ നിയന്ത്രിക്കുക, അടിയന്തരമായി ബ്രേക്ക് ചെയ്യുക, സുരക്ഷിതമായി വാഹനം ഓടിക്കുന്ന രീതികൾ സ്വായത്തമാക്കുക തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നൽകിയത്. സുരക്ഷാ ഉപകരണങ്ങൾ ധരിച്ചായിരുന്നു പരിശീലനം. എംബിഎസ്‌ഐ റോയൽ ബ്രദേഴ്‌സിനു കൈമാറിയ മികച്ച നിലവാരമുള്ള വാഹനങ്ങളാണ് പരിശീലനത്തിനായി ഉപയോഗിച്ചത്. ഏവരെയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സൗഹൃദപരമായ അന്തരീക്ഷത്തിലാണ് പരിശീലനം നടന്നത്.

“കൊച്ചിയിൽ നടന്ന ആർബി ഫോർ വിമെൻ പരിപാടിയുടെ ഈ പതിപ്പിൽ ഞങ്ങൾ കണ്ട ആവേശവും നിശ്ചയദാർഢ്യവും ഏറെ പ്രചോദനകരമായിരുന്നു,” റോയൽ ബ്രദേഴ്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായ അഭിഷേക് ചന്ദ്രശേഖർ പറഞ്ഞു. “തുടക്കത്തിലെ മടിയും ആശങ്കയും മറികടന്ന് 150-ലധികം വനിതകൾ പൂർണ്ണ ആത്മവിശ്വാസത്തോടെ വാഹനം ഓടിച്ച് പുറത്തേക്ക് പോകുന്നത് കാണുക എന്നതാണ് ഈ സംരംഭത്തിന്റെ യഥാർത്ഥ ലക്ഷ്യം. സുരക്ഷിതവും വിശ്വസനീയവുമായ ഇരുചക്ര വാഹനങ്ങൾ ലഭ്യമാക്കുന്നതിലൂടെ ആളുകൾക്ക് കൂടുതൽ സ്വതന്ത്രമായ യാത്രാസൗകര്യം ഉറപ്പാക്കാൻ എംബിഎസ്‌ഐയുമായുള്ള ഞങ്ങളുടെ സഹകരണം സഹായിക്കുന്നു. ഉടമസ്ഥതയെക്കാൾ ഉപയോഗത്തിലേക്കുള്ള പ്രവേശനം ഇന്ത്യയിലുടനീളം വിപുലീകരിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഞങ്ങൾ ക്രമേണ അടുക്കുകയാണ്. റോഡ് എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് കൊച്ചിയിലെ പുതിയ വനിതാ റൈഡർമാർ തെളിയിച്ചിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

റോയൽ ബ്രദേഴ്‌സ് പ്രാദേശിക ഫ്രാഞ്ചൈസുകളിലൂടെയാണ് പ്രവർത്തിക്കുന്നത്. ഇതുവഴി നാട്ടിലെ സംരംഭകർക്ക് ബിസിനസ് അവസരങ്ങളും പ്രാദേശിക ജനങ്ങൾക്ക് സ്ഥിര ജോലി അവസരങ്ങളും ലഭിക്കുന്നു. ഇന്നത്തെ യുവാക്കൾക്ക് സ്വന്തം വാഹനം ഉപയോഗിക്കാനുള്ള സൗകര്യം വളരെ പ്രധാനമാണ്. ഇത് ദിവസേനയുള്ള യാത്രകൾ എളുപ്പമാക്കുന്നതിനൊപ്പം സാമ്പത്തികമായി സ്വതന്ത്രരാകാനും, ജോലി, കരിയർ എന്നിവയിൽ കൂടുതൽ അവസരങ്ങൾ നേടാനും സഹായിക്കുന്നു. ഇരുചക്രവാഹനം ഓടിക്കാൻ പഠിക്കുന്നത് കേരളത്തിലെ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നേടാൻ സഹായിക്കുന്നു. ദിവസേനയുള്ള ആവശ്യങ്ങൾക്ക് ബൈക്ക് വാടകയ്ക്ക് എടുക്കാനും, ജോലിക്കും മറ്റ് കാര്യങ്ങൾക്കുമായി സ്വന്തം സൗകര്യത്തിന് യാത്ര ചെയ്യാനും, സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം ദൂരയാത്രകൾ നടത്താനും ഇത് സഹായിക്കും. സ്വന്തം ബിസിനസ് തുടങ്ങാനും അതു മുന്നോട്ട് കൊണ്ടുപോകാനും ഇരുചക്രവാഹനം ഉപകാരപ്പെടും. വാഹനം ഓടിക്കാൻ പഠിക്കുന്നതിലൂടെ സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസവും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നു.

“ആർബി ഫോർ വിമെൻ” എന്നത് സ്ത്രീകളെ ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ പഠിപ്പിക്കുന്ന ഒരു പരിപാടി മാത്രമല്ല. സ്ത്രീകൾ നേരിടുന്ന പല സാമൂഹിക തടസ്സങ്ങളും മറികടക്കാൻ സഹായിക്കുന്ന ഒരു ശ്രമം കൂടിയാണിത്. എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന, പരിസ്ഥിതിക്ക് ദോഷം കുറയ്ക്കുന്ന യാത്രാസൗകര്യങ്ങൾ ഒരുക്കി ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് എംബിഎസ്‌ഐ യുടെ ലക്ഷ്യം. ഇന്ത്യയിലെ സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാനുള്ള അവസരങ്ങളും ലഭിക്കാൻ ഇത്തരം പദ്ധതികൾ സഹായിക്കുന്നു. സ്വന്തം യാത്രയും ജീവിതവും സ്വയം നിയന്ത്രിക്കാൻ മുന്നോട്ട് വരുന്ന സ്ത്രീകളെ പിന്തുണയ്ക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമുണ്ട്,” എംബിഎസ്‌ഐ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കൊബയാഷി മസഹാരു പറഞ്ഞു.

കൊച്ചിയിൽ ഇത്രയധികം സ്ത്രീകൾ പങ്കെടുത്തത് കേരളത്തിൽ സ്ത്രീകൾക്ക് സ്വന്തമായി യാത്ര ചെയ്യാനുള്ള സൗകര്യത്തിന് വലിയ ആവശ്യമുണ്ടെന്ന് കാണിക്കുന്നു. റോഡിലെ സ്ത്രീ-പുരുഷ വ്യത്യാസം കുറയ്ക്കുന്നതിലൂടെ, എംബിഎസ്‌ഐയും റോയൽ ബ്രദേഴ്‌സും സ്ത്രീകൾക്ക് ജോലിയിലും ദൈനംദിന ജീവിതത്തിലും കൂടുതൽ സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുകയാണ്. പരിശീലനം പൂർത്തിയായതോടെ, കൊച്ചിയിലെ പുതിയ വനിതാ റൈഡർമാർ ഇനി സ്വന്തം ഇഷ്ടത്തിന് ആത്മവിശ്വാസത്തോടെ റോഡിലിറങ്ങാൻ തയ്യാറായിരിക്കുകയാണ്.

You May Also Like

About the Author: Jaya Kesari