ബഡ്ജറ്റ് :ജീവനക്കാരോടുള്ള വഞ്ചന

ബജറ്റ് : ജീവനക്കാരോടുള്ള വഞ്ചന: കെ.ജി.ഒ.എ.
നിരവധി വിസ്മയങ്ങൾ ജീവനക്കാർക്കും ജനങ്ങൾക്കും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചു നടത്തിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജീവനക്കാരോടും കേരളത്തിലെ പൊതുസമൂഹത്തോടും ഉള്ള വഞ്ചനയാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ നയങ്ങൾക്ക് ശക്തിപകരും വിധം കടലും തീരവും മിനറൽ സമ്പത്തും ഉന്നത വിദ്യാഭ്യാസ മേഖലയുമെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുവാനുള്ള പദ്ധതികളാണ് ബജറ്റിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ദാരിദ്ര്യ നിർമ്മാജന പ്രവർത്തനങ്ങളിൽ നിന്നുപോലും സർക്കാർ പിന്മാറുകയാണ്. സാമ്പത്തിക പ്രതിസന്ധി പറയുന്ന സർക്കാർ ലഭിക്കേണ്ടുന്ന നികുതി കുടിശ്ശികകൾ ഒഴിവാക്കി സമ്പന്നരെ സഹായിക്കുന്നു. ഏറെ പ്രഖ്യാപനങ്ങളൾ ഉണ്ടെങ്കിലും അവ നടപ്പിലാക്കാനാവശ്യമായ പണം വകയിരുത്തിയിട്ടില്ല. പുതിയ മെഡിക്കൽ കോളേജുകൾക്കും നിലവിലുള്ളവയുടെ പുനരുദ്ധാരണത്തിനും കൂടിയാകെ 100 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ഒരു മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് തന്നെ 400 കോടിയോളം രൂപ ചെലവഴിച്ച സ്ഥാനത്താണ് ഇത് എന്ന് കാണേണ്ടതാണ്. ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായ ഇൻഷ്വറൻസ് പദ്ധതിക്ക് കുറഞ്ഞത് 7,500 കോടിയെങ്കിലും ആവശ്യമുള്ള ഇടത്ത് 10 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. സൌജന്യ യാത്രയ്ക്ക് കുറഞ്ഞത് 800 കോടിയെങ്കിലും വേണ്ടിടത്ത് കേവലം 500 കോടി മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. ബിജെപി കേന്ദ്ര ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കിയ മാതൃകയിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ആസൂത്രണ കമ്മീഷനെയും ഇല്ലാതാക്കാനുള്ള നിർദേശം ബജറ്റിലുണ്ട്.
ജീവനക്കാരെ സംബന്ധിച്ച് ഏറെ നിരാശാജനകവും ആശങ്കയുണർത്തുന്നതുമാണ് ബജറ്റിലെ നിർദേശങ്ങൾ. ബജറ്റിന് മുന്നോടിയായി അവതരിപ്പിച്ച ധവളപത്രത്തിന്റെ ചുവട് പിടിച്ച് സംസ്ഥാനത്തിന്റെ ചെലവ് ചുരുക്കൽ പൂർണമായും സിവിൽ സർവീസിന്റെ ഉത്തരവാദിത്തത്തിലാക്കുന്നു. ശമ്പള പരിഷ്കരണം, കുടിശ്ശിക ഡി.എ., എൻപിഎസ് പിൻവലിക്കൽ, ലീവ് സറണ്ടർ അനുവദിക്കൽ എന്നിവ സംബന്ധിച്ച് ജീവനക്കാർക്കനുകൂലമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് ഏറെ പ്രചരിപ്പിച്ചിട്ടും അവയെക്കുറിച്ചൊന്നും വ്യക്തമായൊരുറപ്പും ബജറ്റിൽ ഉണ്ടായില്ല. ശമ്പള പരിഷ്കരണവും സറണ്ടറും അനുഭവവേദ്യമാക്കുന്നത് സംസ്ഥാനത്തിന് ബാധ്യതയാണെന്നാണ് ധനകാര്യമന്ത്രികൂടിയായ മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത്. ക്ഷാമബത്ത, പെൻഷൻ, ശമ്പള പരിഷ്കരണം, പെൻഷൻ പ്രായം എന്നിവ സംബന്ധിച്ച് യാതൊരുറപ്പും ബജറ്റിൽ നൽകാത്തത്തത് ജീവനക്കാരോടുള്ള കടുത്ത വഞ്ചനയാണ്. ബിജെപി കേന്ദ്രത്തിൽ നടപ്പിലാക്കുന്നത് പോലെ സിവിൽ സർവീസിനെ ചുരുക്കി ജീവനക്കാരുടെ ആനുകൂല്യങ്ങൾ എന്നെന്നേക്കും ഇല്ലാതാക്കുക തന്നെയാണ് കേരളത്തിലെ പുതിയ സർക്കാർ ലക്ഷ്യമിടുന്നത് എന്ന് ആദ്യ ബജറ്റ് തന്നെ വെളിവാക്കിയിരിക്കുകയാണ്. ഇതിനെതിരെ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. എൻ. ശരത്ചന്ദ്രലാലും, ജനറൽ സെക്രട്ടറി എം. ഷാജഹാനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

You May Also Like

About the Author: Jaya Kesari