കോഴിക്കോട് : ഓണ്‍ലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ഒൻപതുകാരിയായ മകളുടെ മുന്നില്‍ തീകൊളുത്തിയ കുരുവട്ടൂർ കാരാട്ടുതാഴം നടുവിലക്കണ്ടി വി.ടി.വിനേഷ് കുമാർ (48) മരിച്ചു.തടയാൻ ശ്രമിച്ച് കൈയ്ക്കും മുഖത്തും പൊള്ളലേറ്റ ഒൻപതുകാരി അമേഘയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഐ.സി.യുവില്‍ നിരീക്ഷണത്തിലാണ്. ഇന്നലെ രാവിലെ എട്ടരയോടെ വിനേഷിന്റെ വി.ജെ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന വിനേഷിന്റെ കുറിപ്പ് സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തി. പെട്രോളൊഴിച്ചാണ് തീ കൊളുത്തിയതെന്നാണ് നിഗമനം. നരിക്കുനി കൊടുവള്ളി റോഡിലെ വി.ജെ ട്രേഡേഴ്‌സെന്ന ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു സ്ഥാപനം. ബൈക്കില്‍ മകളുമായി സ്ഥാപനത്തിലെത്തിയ വിനേഷ് ഷട്ടറിട്ട ശേഷം തീകൊളുത്തി. തീ പടരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിലും പൊലീസിലും വിവരമറിയിച്ചു.നരിക്കുനിയില്‍ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. തുടർന്ന് ഷട്ടർ ഉയർത്തിയപ്പോഴാണ് സ്ഥാപനത്തിനകത്ത് പുകയേറ്റും പൊള്ളലേറ്റും തളർന്ന കുട്ടിയെ കണ്ടത്. കുട്ടിയാണ് അച്ഛന് പൊള്ളലേറ്റ വിവരം പറഞ്ഞത്. ഓണ്‍ലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ടുണ്ടായ കടബാദ്ധ്യതയാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.

