സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണം’ – ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി (എച്ച് ഇ പി സി) ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. സംസ്ഥാനത്തെ 12 സർവ്വകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർമാരാണ് ഇപ്പോഴുള്ളത്. 45 സർക്കാർ കോളജുകളിലും 95% എയ്ഡഡ് കോളജുകളിലും വർഷങ്ങളായി സ്ഥിരം പ്രിൻസിപ്പൽമാർ ഇല്ലാത്ത അവസ്ഥയാണുള്ളത്. അഞ്ച് വർഷ കാലാവധിയിലാണ് യോഗ്യതയുള്ള പ്രിൻസിപ്പൽമാരെ നിയമിക്കേണ്ടതെന്ന് 2018ലെ യുജിസി റെഗുലേഷൻ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ, സംസ്ഥാനം ഈ നിർദ്ദേശം അംഗീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഉദ്ദേശശുദ്ധി പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് സംസ്ഥാനത്ത് നാല് വർഷ ബിരുദ പ്രോഗ്രാം (എഫ് വൈ യു ജി പി) പരിഷ്കരിക്കണമെന്ന ആവശ്യവും ചർച്ചയിൽ ഉന്നയിച്ചു. സംസ്ഥാനത്ത് നടപ്പാക്കിയ നാല് വർഷ ബിരുദ പ്രോഗ്രാമിൽ പഠിക്കുന്ന വിദ്യാർഥികൾ ഒരു വർഷം പിന്നിടുമ്പോൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുകയാണ്. ഇവരെ സംബന്ധിച്ചിടത്തോളം തുടർ പഠനത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നാലുവർഷ ബിരുദ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഭാവി വിദ്യാഭ്യാസത്തിന് വ്യക്തത നൽകുന്ന നയപരമായ തീരുമാനം സർക്കാരിൽ നിന്നുണ്ടാകണം. സർക്കാർ – എയ്ഡഡ് കോളജുകളിൽ നിലവിലുള്ള കോഴ്സുകൾ കാലാനുസൃതമായും ആകർഷകമായും ജോലി സാധ്യതയ്ക്കനുസൃതമായും പരിഷ്കരിക്കേണ്ടതുണ്ട്. ഇത്തരം കോഴ്സുകൾ നടപ്പാക്കുന്നതിന് നിലവിലുള്ള അധ്യാപകരെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ പരിശീലനം സംഘടിപ്പിക്കുകയും വേണം. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഹബ്ബ് ആക്കി മാറ്റുമെന്നാണ് സർക്കാർ ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ പ്രഖ്യാപനം നടപ്പാക്കണമെങ്കിൽ കേരളത്തിലെ നിലവിലുള്ള സർവ്വകലാശാലകളെയും കോളജുകളെയും അക്കാദമികമായി ശാക്തീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി സർവകലാശാലകൾക്ക് നൽകുന്ന ബജറ്റ് വിഹിതം വളരെ കുറവാണ്. പ്രഖ്യാപിക്കുന്ന പദ്ധതി വിഹിതത്തിൻ്റെ 30 – 35% മാത്രമാണ് യഥാർത്ഥത്തിൽ നൽകുന്നത്. ഇത് സർവകലാശാലകളുടെ നിലനിൽപിനെ തന്നെ പ്രതികൂലമായി ബാധിക്കുകയും വിദ്യാർത്ഥികൾക്ക് അമിതമായ ഫീസ് നൽകേണ്ടി വരികയും ചെയ്യുന്നു. പ്രശ്നങ്ങൾ ശ്രദ്ധയോടെ കേട്ട മന്ത്രി ഈ വിഷയങ്ങളിൽ തുടർ ചർച്ച ആവശ്യമാണെന്നും ഇതിനായി അടുത്ത ദിവസങ്ങളിൽ കൂടിക്കാഴ്ച ആകാമെന്നും നിർദ്ദേശിച്ചു. തുടർന്ന്, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ് നായർ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക് ഐ എ എസ് എന്നിവർക്കും ആവശ്യങ്ങളടങ്ങിയ നിവേദനം നൽകി. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ചെയർമാൻ ഡോ. കെ ജയപ്രസാദ്, കേരള സർവകലാശാലാ സിൻഡിക്കേറ്റംഗം പി എസ് ഗോപകുമാർ, കുസാറ്റ് സിൻഡിക്കേറ്റിലെ യു ജി സി നോമിനി പ്രൊഫ. പ്രിയേഷ് സി എ, കുസാറ്റ് സെനറ്റംഗം ഡോ. വൈശാഖ് സദാശിവൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

You May Also Like

About the Author: Jaya Kesari