മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞതിനു പിന്നാലെ കുഴഞ്ഞുവീണ് അമ്മ മരിച്ചു

ഏലൂർ: മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞതിനു പിന്നാലെ കുഴഞ്ഞുവീണ് അമ്മ മരിച്ചു. ചേരാനല്ലൂരില്‍ 17കാരൻ ഓടിച്ച ആഡംബര കാറിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തില്‍ കേസ് കൈകാര്യം ചെയ്തതിലെ വീഴ്ചയെ തുടർന്ന് സസ്പെൻഷനിലായ എസ്‌ഐ കെ.ടി.മനോജിന്റെ അമ്മ സരസു തേവൻ (71) ആണ് മരിച്ചത്.കുറ്റിക്കാട്ടുകര ജനാർദനപ്പണിക്കർ റോഡിലെ കുരീക്കാട്ടുപറമ്പില്‍ മകള്‍ മഞ്ജുവിനൊപ്പമായിരുന്നു സരസുവിന്റെ താമസം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് ഇവർ ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്നു.ടെലിവിഷനില്‍ വാർത്ത കണ്ട സരസു ചേരാനല്ലൂരില്‍ എന്താണ് സംഭവിച്ചതെന്ന് മകളോട് ചോദിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മനോജ് അമ്മയ്ക്ക് മരുന്നുമായി വീട്ടിലെത്തി. മകനെ കണ്ടതോടെ സരസു വികാരാധീനയായി. കുറച്ചുനേരം അമ്മയ്ക്കൊപ്പം ചെലവഴിച്ച്‌ ആശ്വസിപ്പിച്ചശേഷം മനോജ് മുപ്പത്തടത്തെ താമസസ്ഥലത്തേക്ക് മടങ്ങി.ബിനാനിപുരം പോലീസ് സ്റ്റേഷൻ വരെ എത്തിയ മനോജിനെ പിന്നീട് സഹോദരി ഫോണില്‍ വിളിച്ച്‌ വീട്ടിലേക്ക് തിരികെ വരാൻ ആവശ്യപ്പെട്ടു. അമ്മയ്ക്ക് സുഖമില്ലെന്നും ഉടൻ എത്തണമെന്നും അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴേക്കും സരസു മരിച്ചിരുന്നു.

You May Also Like

About the Author: Jaya Kesari