ഭരണമാറ്റം കേരള സർവ്വകലാശാലയെ സംബന്ധിച്ച് ‘ഇടതുകാലിലെ മന്ത് വലതുകാലിൽ ആയതു’പോലെയാണ് അനുഭവപ്പെടുന്നത്. കേരള സർവകലാശാലാ സിൻഡിക്കേറ്റിലേക്ക് സർക്കാർ നാമനിർദേശം ചെയ്ത പുതിയ അംഗങ്ങൾ പങ്കെടുത്ത ആദ്യ യോഗം ഇന്ന് നടന്നു. രണ്ട് പ്രധാന അജണ്ടകൾ മാത്രമായിരുന്നു ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിൽ ഉണ്ടായിരുന്നത്.
കേരള ഹൈക്കോടതിയിലെ സർവകലാശാലയുടെ സ്റ്റാൻഡിങ് കൗൺസിൽ ആയ അഡ്വ. തോമസ് എബ്രഹാമിനെ മാറ്റി അഡ്വ. ഗിരിജാ ഗോപാലിനെ നിയമിച്ച വിവരം റിപ്പോർട്ട് ചെയ്യുകയായിരുന്നു ഒന്നാമത്തേത്. ഈ വിഷയത്തിൽ ഇടതംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ ഗവർണറുടെ നോമിനികളായ സിൻഡിക്കേറ്റംഗങ്ങൾ വൈസ് ചാൻസലറുടെ നടപടിയെ സ്വാഗതം ചെയ്തു. ഈ അജണ്ട അടുത്ത മീറ്റിങ്ങിലേക്ക് മാറ്റിവയ്ക്കണമെന്നാണ് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടത്. സർവകലാശാലയുടെ സ്റ്റാൻ്റിംഗ് കൗൺസിലിനെ മാറ്റണമെന്നത് ഞങ്ങളുടെ നിരന്തര ആവശ്യമായിരുന്നു. അജണ്ടയിലെ റിപ്പോർട്ടിംഗ് സംബന്ധിച്ച് ചർച്ചയോ മാറ്റി വയ്ക്കലോ ചട്ടപ്രകാരം അനുവദനീയമല്ലെന്നും ഞങ്ങൾ ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് ഒടുവിൽ, റിപ്പോർട്ടിംഗ് അംഗീകരിച്ചതായി ബഹുമാനപ്പെട്ട വൈസ് ചാൻസലർ പ്രഖ്യാപിക്കുകയായിരുന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പുന:സംഘടനയായിരുന്നു അജണ്ടയിലെ മറ്റൊരിനം. നിലവിലുള്ള പത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികൾ സംയോജിപ്പിച്ച് ഏഴ് ആക്കി ചുരുക്കുന്നതായും, 7 കമ്മിറ്റികളുടെയും കൺവീനർഷിപ്പ് തങ്ങൾ ഏറ്റെടുക്കുന്നതായും സൂചിപ്പിക്കുന്ന പ്രമേയം, പുതിയതായി നാമനിർദ്ദേശം ചെയ്യപ്പെട്ടുവന്ന യു ഡി എഫ് പ്രതിനിധി ശ്രീ. ആർ എസ് ശശികുമാർ അവതരിപ്പിക്കുകയുണ്ടായി. സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ എണ്ണം പത്തിൽ നിന്ന് ഏഴായി കുറയ്ക്കുന്നതിനെ തത്വത്തിൽ അംഗീകരിക്കുന്നെങ്കിലും തങ്ങൾക്ക് 7 സിൻഡിക്കേറ്റ് അംഗങ്ങൾ മാത്രം ഉള്ളതിനാൽ ഇത്തരത്തിൽ കുറവ് വരുത്തുന്നത് ‘ചെരിപ്പിനനുസരിച്ച് കാല് മുറിക്കുന്നത് പോലെ’യാണെന്ന് കരുതേണ്ടി വരും. രണ്ട് വർഷം മുമ്പ് പത്തിൽ പത്ത് കമ്മിറ്റികളുടെയും കൺവീനർ സ്ഥാനം ഏകപക്ഷീയമായി ഏറ്റെടുത്ത സി പി എമ്മിന് ഈ വിഷയത്തിൽ പ്രതികരിക്കാൻ ധാർമ്മികമായി അവകാശമില്ല. എൽ ഡി എഫിലെ പ്രധാന ഘടക കക്ഷിയായ സി പി ഐയ്ക്ക് പോലും പങ്കാളിത്തം നൽകിയിരുന്നില്ല. ഇതിൻ്റെ തനിയാവർത്തനം തന്നെയാണ് യു ഡി എഫ് ഭരണത്തിലും സർവകലാശാലകളിൽ സംഭവിക്കാൻ പോകുന്നതെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്. തീരുമാനത്തിൽ ശക്തമായ വിയോജിപ്പും രേഖപ്പെടുത്തുകയുണ്ടായി. സർവകലാശാലകളുടെ പ്രാതിനിധ്യ ജനാധിപത്യ സ്വഭാവത്തെ പൂർണമായി ഇല്ലാതാക്കിയ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട ചാൻസലർക്ക് പരാതി നൽകി.
*ഡോ. വിനോദ് കുമാർ ടി ജി നായർ*
*പി എസ് ഗോപകുമാർ* സിൻഡിക്കേറ്റ് അംഗങ്ങൾ,
കേരള സർവകലാശാല
