

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസിൻ്റെ തുറന്ന് പറച്ചിലിന് പിന്നാലെ നടപടിക്ക് ഒരുങ്ങി സർക്കാർ.
അടിയന്തിരമായി 4 അംഗ അന്വേഷണ സമിതിയെ രൂപീകരിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ . മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമം ഡോ ഹാരിസ് കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് അന്വേഷണത്തിനായി സർക്കാർ നാലങ്ക സമിതിയെ രൂപീകരിച്ചത് . ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാള്‍ ഡോക്ടർ പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ . ജയകുമാർ റ്റി കെ, ആലപ്പുഴ മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം വകുപ്പ് മേധാവി ഡോ. ഗോമതി, കോട്ടയം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം വകുപ്പ് മേധാവി ഡോ. രാജീവൻ എന്നിവരാണ് നാലങ്ക സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. അന്വേഷണസംഘം രാവിലെ പത്ത് മണിയോടെ തിരുവനന്തുപരം മെഡിക്കൽ കോളേജിലെത്തി പ്രിൻസിപ്പൽ ഓഫീസിൽ ആദ്യ യോഗം ചേർന്നു. യോഗത്തിൽ അന്വേഷണം എങ്ങനെ മുന്നോട്ട് പോകണം എന്ന കാര്യത്തിൽ തീരുമാനം എടുത്തു. എല്ലാം തുറന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് ചിറക്കലിന്‍റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. യുറോളജി വകുപ്പിൽ ഇന്ന് നിശ്ചയിച്ച ശസ്ത്രക്രിയകൾ മുടക്കം കൂടാതെ നടക്കുന്നു എന്നാണ് വിവരം. മറ്റുവകുപ്പുകളിലെ അവസ്ഥ കൂടി സമിതി പരിശോധിക്കുന്നുണ്ട്. സമിതി എത്രയും പെട്ടന്ന് തന്നെ റിപ്പോർട്ട് നൽകണമെന്ന് ഡോക്ടർ ഹാരിസ് ചിറക്കലും ആവശ്യപ്പെട്ടു.
