അജിത് കുമാർ ഡി
ഒരു പാവപ്പെട്ട ചെറുപ്പക്കാരൻ്റെ രോഗം ചികിത്സിച്ചു ഭേദമാക്കുന്നതിനായി പതിവുപോലെ ആ ഡോക്ടർ ആശുപത്രിയിലെത്തി. വേദന കൊണ്ടു പുളയുന്ന യുവാവിൻ്റെ ദൈന്യത രണ്ടു നാൾ മുതൽ അദ്ദേഹം കാണുന്നുണ്ട്. പാവം! അവൻ്റെ രോഗം ഭേദമാക്കണം. ഡോക്ടർ അതിനായി തയ്യാറെടുത്തു. ശസ്ത്രക്രിയയ്ക്ക് രോഗിയും തയ്യാറായി. ചികിത്സാ സാമഗ്രികൾ പരിശോധിച്ചപ്പോൾ ഒരെണ്ണം ഉപയോഗശൂന്യം. ചികിത്സ മുടങ്ങും. രോഗിയുടെ മുഖത്തുനോക്കാൻ ഡോക്ടർക്കു കഴിയുന്നില്ല. മാനസികമായി തളർന്ന അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു ” മടുത്തു ! ഇനി വയ്യ ”
അവിടെ തുടങ്ങി ഒരാഴ്ചത്തെ കശപിശ ! രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ഇപ്പോൾ തകർത്തുകളയും എന്ന മട്ടിലുള്ള ബഹളം. പ്രതിരോധവുമായി സർക്കാർ.
പക്ഷേ ഒരു ഡോക്ടർ വിചാരിച്ചാൽ സർക്കാർ ആശുപത്രിയുടെ പേരുദോഷം മാറുമോ? ഇല്ല!അതിനൊരു കൂട്ടായ ശ്രമം വേണം. അതിനൊരു ഉദാഹരണം പറയാം.
സാങ്കേതിക തടസങ്ങളും നൂലാമാലകളും ചികിത്സാ ഉപകരണങ്ങളുടെ ദൗർലഭ്യത്തിന് ഇടവരുത്തുമ്പോഴുള്ള വിവാദങ്ങൾക്ക് മറുപടിയാണ് എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ചിട്ടയായ പ്രവർത്തനം. എസ് എ ടി ആശുപത്രിയുടെ നട്ടെല്ലായ ഈ സൊസൈറ്റി വഴി ഒട്ടനവധി ചികിത്സാ സൗകര്യങ്ങളാണ് ആശുപത്രിയ്ക്ക് ഒരുക്കി കൊടുത്തിട്ടുള്ളത്. മൂന്നുകോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ഗോൾഡൻ ജൂബിലി ബ്ലോക്ക് എന്ന കെട്ടിടം മറ്റേതൊരു ആശുപത്രിലെ ഏതൊരു സൊസൈറ്റിയ്ക്കും സംഭാവന ചെയ്യാൻ കഴിയുമോ എന്ന കാര്യം ഇന്നും സംശയമാണ്. സ്വകാര്യ ആശുപത്രികളിലെ താങ്ങാനാവാത്ത ചികിത്സാ ചെലവുകൾ മൂലം വന്ധ്യതാ ചികിത്സ മരീചികയായി മാറിയ ദമ്പതിമാർക്ക് അത്താണിയാണ് എസ് എ ടിയിലെ റീ പ്രൊഡക്ടീവ് മെഡിസിൻ വിഭാഗം. ആ വിഭാഗത്തിൻ്റെ സ്പോൺസർ എന്ന നിലയിൽ പ്രവർത്തിക്കുന്നത് എസ് എ ടി ആശുപത്രിയിലെ ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയാണ്.
ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ ഉപകരണങ്ങൾ ലഭിക്കാത്തതിൻ്റെ പേരിൽ ഒരു ഡോക്ടർ സമൂഹമാധ്യമത്തിൽ തൻ്റെ നിസഹായത പങ്കു വച്ചപ്പോൾ രോഷം കൊണ്ടവർ എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ മാതൃകാപരമായ പ്രവർത്തനം കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. ചികിത്സാ ഉപകരണങ്ങളുടേയോ മറ്റു സാമഗ്രികളുടെയോ കുറവുമൂലം ഏതെങ്കിലുമൊരു രോഗിയ്ക്ക് ചികിത്സ തടസപ്പെടുമെന്നറിഞ്ഞാൽ ഉണർന്നു പ്രവർത്തിക്കുന്ന സൊസൈറ്റി, പ്രസ്തുത ഉപകരണം സാങ്കേതിക നൂലാമാലകൾ വകയ്ക്കാതെ ആ നിമിഷം വാങ്ങി നൽകും. എന്തേ മെഡിക്കൽ കോളേജ് ക്യാമ്പസിലെ തന്നെ ഒരു സൊസൈറ്റി നടത്തുന്ന പ്രവർത്തനം അധികൃതർ കാണാതെ പോകുന്നു? അഥവാ കണ്ടില്ലെന്നു നടിക്കുന്നു? വലിയ സാമ്പത്തിക നിക്ഷേപമുണ്ടെന്ന് ഒരു കാലത്ത് ഊറ്റം കൊണ്ടിരുന്ന ആശുപത്രി വികസന സമിതി ഇന്ന് കേവലം ഒരു ചികിത്സാ ഉപകരണത്തിൻ്റെ കേടായ ഭാഗം പോലും വാങ്ങി നൽകാൻ കഴിയാതെ നട്ടം തിരിയുന്നു. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാൻ പറ്റുമോ? ആശുപത്രി വികസന സമിതി എന്ന ആനയ്ക്ക് കേവലം ഒരു ഉപകരണം വാങ്ങി നൽകാൻ കെല്പില്ലാത്തതു കൊണ്ടല്ല. മറിച്ച് തുക അനുവദിക്കുന്നതിലെ സാങ്കേതികത്വത്തിൽ കടിച്ചു തൂങ്ങി രോഗികളെ കൊല്ലാക്കൊല ചെയ്യണം. ആത്മാർത്ഥതയുള്ള ഡോക്ടർമാർ പ്രതികരിച്ചാൽ അവരെ പുറമേ പ്രശംസിക്കുകയും ഉള്ളാലെ സംഘടിത ആക്രമണത്തിലൂടെ തളർത്തണം. സൊസൈറ്റി ഭാരവാഹികളായ രാഷ്ട്രീയ പ്രഭുക്കളുടെ മൂടുതാങ്ങി ജോലിയ്ക്കു കയറുകയും സർവീസ് കാലയളവിലുടനീളം അവരുടെ ചെരുപ്പു നക്കി “സെയ്ഫ് സോണിൽ ” എത്തി കഴിഞ്ഞാൽ അന്തസായി സ്വന്തം കഴിവിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകരോടു പോലും പുച്ഛം! ഇക്കാര്യത്തിൽ ഒരു സൊസൈറ്റിയും വ്യത്യസ്ഥമല്ല. ഇത്തരം തൊലിക്കുട്ടിയുള്ളവരാണ് ആശുപത്രി സൊസൈറ്റികളുടെ ഒരേയൊരു ശാപം! ആശുപത്രി സൊസൈറ്റികളുടെ നവീകരണം ഇതുപോലുള്ള പുഴുക്കുത്തുകളെ ഒഴിവാക്കിക്കൊണ്ടാകട്ടെ എന്നു നമുക്കാശിക്കാം.
