
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ഒളിമ്ബിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന ഈ മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘടാനം. എട്ടു ദിവസങ്ങളിലായാണ് കായികമേള നടക്കുക. ആകെ 12 വേദികളില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇരുപതിനായിരത്തിലധികം കുട്ടികള്‍ പങ്കെടുക്കും.
കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇത്തവണ മുതല്‍ മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവന്റെ സ്വർണക്കപ്പ് സമ്മാനമായി നല്‍കും. കളരിപ്പയറ്റും ഇത്തവണ മത്സരയിനമാണ്.അറുപത്തി ഏഴാമത് സംസ്ഥാന സ്കൂള്‍ കായികമേളയാണ് തിരുവനന്തപുരത്ത് ഇന്നു മുതല്‍ നടക്കുക. ഒക്ടോബർ 21 മുതല്‍ 28 വരെയാണ് മേള സംഘടിപ്പിക്കുന്നത്.ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടന ചടങ്ങിന് തുടക്കമാവുക.തുടർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനതാരം ഐ എം വിജയൻ മന്ത്രി വി ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം പിമാർ, എം എല്‍ എമാർ, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുക്കും.
