തിരുവനന്തപുരം: കേരള തീരത്ത് അടുത്തിടെയുണ്ടായ എംഎസ്സി എല്‍സ 3 കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ അന്വേഷണ റിപ്പോര്‍ട്ടുമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ്. ‘ബിലോ ഡെക്ക്: ദ് ട്രൂത്ത് ബിനീത് വാട്ട് യു സീ’ -(എംഎസ്സി)’ എന്ന പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമ വ്യവസ്ഥയിലെ പഴുതുകളുടെ ദുരുപയോഗമാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാര തുകയായി 1,227 കോടി രൂപ നല്‍കാനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കുന്നതിനും ആവശ്യപ്പെടുന്നു. കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് 8000-ത്തിലധികം പരാതികളാണ് കഴിഞ്ഞ ദിവസം ഗ്രീന്‍പീസിന്റെ നേതൃത്വത്തില്‍ എംഎസ്സി ആസ്ഥാനത്ത് എത്തിച്ചത്.
എംഎസ്സി എൽസ 3 കഴിഞ്ഞ മെയില്‍ കേരള തീരത്ത് മുങ്ങിയതിനെത്തുടര്‍ന്ന് എണ്ണ, രാസവസ്തുക്കള്‍, പ്ലാസ്റ്റിക് പെല്ലറ്റുകള്‍ എന്നിവ കടല്‍ മലിനമാക്കുകയും സമുദ്ര ആവാസവ്യവസ്ഥയെയും തീരദേശ ഉപജീവനമാര്‍ഗത്തെയും നശിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സംവിധാനത്തിലൂടെ നഷ്ടപരിഹാര തുക ദുരിതബാധിത സമൂഹങ്ങള്‍ക്ക് നല്‍കണമെന്നു ഗ്രീന്‍പീസ് ഇന്ത്യ ക്ലൈമറ്റ് ക്യാംപെയ്നര്‍ എസ്.എന്‍. അമൃത, ഗ്രീന്‍പീസ് ഇന്ത്യ മീഡിയ ഓഫീസര്‍ നിബേദിത സാഹ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ എംഎസ്സി സ്വീകരിച്ച ഇരട്ടത്താപ്പ് നടപടികള്‍ ഇപ്പോള്‍ വ്യക്തമാണെന്നും അമൃത പറഞ്ഞു. കേരള ഹൈക്കോടതിയുടെ ഉത്തരവ് ഇത്തരം സംഭവങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ക്കുള്ള ഉത്തരവാദിത്വം ചൂണ്ടിക്കാണിക്കുന്ന സുപ്രധാന ചുവടുവയ്പ്പാണ്. എന്നാല്‍ ദുരന്തത്തിന്റെ ഇരകളായ ഓരോ മത്സ്യത്തൊഴിലാളിക്കും കുടുംബത്തിനും ന്യായമായ നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ മാത്രമേ അവര്‍ക്കു നീതി ലഭിക്കൂവെന്നും അമൃത പറഞ്ഞു.
