പുസ്തകോത്സവം കൊടിയേറുമ്പോള്‍ തെയ്യങ്ങളുടെയും വരവായി

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ് 2026 ജനുവരി 7 മുതല്‍ 13 വരെയുള്ള തീയതികളില്‍ നിയമസഭാ സമുച്ചയത്തില്‍ വച്ച് നടക്കുകയാണ്.

നാലാം പതിപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്, പുസ്തകോത്സവ ദിനങ്ങളില്‍ വൈകീട്ടുള്ള തെയ്യാവതരണങ്ങളാണ്. ജനുവരി 8 മുതല്‍ 12 വരെയുള്ള തീയതികളില്‍ വടക്കന്‍ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം നിയമസഭാങ്കണത്തില്‍ അവതരിപ്പിക്കപ്പെടും.

പത്മശ്രീ ഇ.പി. നാരായണന്റെ നേതൃത്വത്തില്‍ മാഹി, തെയ്യം പൈതൃക സമിതി അവതരിപ്പിക്കുന്ന തെയ്യാവതരണങ്ങളുടെ ഉദ്ഘാടനം ജനുവരി 8ന് വൈകീട്ട് 6 മണിയ്ക്ക്, ബഹു. കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. എ.എന്‍.ഷംസീറിന്റെ സാന്നിദ്ധ്യത്തില്‍, ബഹു. മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന്‍ നിര്‍വ്വഹിക്കും.

ജനുവരി 8 ന് വൈകീട്ട് 6.30ന് ഗുരുതിതര്‍പ്പണവും പൂക്കുട്ടിച്ചാത്തന്‍ തിറയും, 8 മണിയ്ക്ക് മുത്തപ്പന്‍ വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണ്. ജനുവരി 9, 10, 11 തീയതികളില്‍ വൈകീട്ട് 7 മണിയ്ക്ക് യഥാക്രമം പടവീരന്‍ തെയ്യം, കുട്ടിച്ചാത്തന്‍ തിറ, അഗ്നികണ്ഠാകര്‍ണ്ണന്‍ തെയ്യം എന്നിവ അവതരിപ്പിക്കപ്പെടും. 11ന് തെയ്യാവതരണത്തിന് മുമ്പ് 6 മണിയ്ക്ക് തിരുവനന്തപുരം ആയോധനാ ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രകടനവും ഉണ്ടായിരിക്കുന്നതാണ്. 12-ാം തീയതി വൈകിട്ട് 7 ന് വസൂരിമാല ഭഗവതി തിറ, 8 മണിയ്ക്ക് പൊട്ടന്‍ തെയ്യം എന്നിങ്ങനെ രണ്ട് തെയ്യാവതരണങ്ങള്‍ ഉണ്ടായിരിക്കും.

ജനുവരി 8ന് ഉദ്ഘാടനത്തിനു ശേഷം ഗുരുതിതര്‍പ്പണവും പൂക്കുട്ടിച്ചാത്തന്‍ തിറയും അവതരിപ്പിക്കപ്പെടും. മയ്യഴിയിലെ ശ്രീ പുത്തലം ഭഗവതി ക്ഷേത്രത്തിൽ ആരാധിച്ചു വരുന്ന പൂക്കുട്ടിച്ചാത്തന്റെ കഥ മയ്യഴിയുടെ ചരിത്രവുമായി ഇഴചേര്‍ന്നുകിടക്കുന്നതാണ്. പൂക്കുട്ടിച്ചാത്തന്‍ തിറ കഴിഞ്ഞാല്‍, വൈകീട്ട് 8 മണിയ്ക്ക് മുത്തപ്പന്‍ വെള്ളാട്ടമാണ്.

മക്കളില്ലാതെ വിഷമിച്ച അടിയുറച്ച ശിവഭക്തയായ പാടിക്കുറ്റിയമ്മയ്ക്കും മന്ദനാർ രാജാവിനും ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പൻ എന്ന പേരിൽ അറിയപ്പെട്ടതെന്നാണ് ഐതിഹ്യം. സങ്കടങ്ങള്‍ കേട്ട്, മുത്തപ്പന്‍ ഉണ്ട് കൂടെ എന്നാശ്വാസവാക്ക് എത്രയോ പേര്‍ക്ക് കരുത്താണ്.

വിവിധ ഭാഷകളിൽ പാണ്ഡിത്യമുള്ള വീരനായ പടവീരന്‍ കുടകപ്പടയുമായുള്ള യുദ്ധത്തിനൊടുവില്‍, കുടകരുടെ ചതിയിൽ മരണപ്പെട്ടു.

ജനുവരി 9ന് വൈകീട്ട് 7 മണിയ്ക്ക്, ആയോധന മികവോടെ വാള് വീശിയും ഉറുമി ചുഴറ്റിയും കനൽ പാറ്റിയുമുള്ള പടവീരന്‍ തെയ്യത്തിന്റെ അഭ്യാസപ്രകടനങ്ങള്‍ കാണാം.

അടിച്ചമർത്തപ്പെട്ടവർക്കായുള്ള പോരാട്ടത്തിൻ്റെ കനലുകൾ ചിതറി തെറിക്കുന്ന കാൽ ചിലമ്പുള്ള കടത്തനാട്ടുകാരുടെ ഇഷ്ടപ്പെട്ട തെയ്യമാണ് കുട്ടിച്ചാത്തന്‍.

2026 ജനുവരി 10ന് കുട്ടിച്ചാത്തന്‍ തിറയാണ് അവതരിപ്പിക്കപ്പെടുന്നത്.

2026 ജനുവരി 11 തെയ്യാവതരണത്തിന് മുമ്പ്, വൈകിട്ട് 06-ന് തിരുവനന്തപുരം ആയോധനാ ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദര്‍ശനം ഉണ്ടായിരിക്കും.

വൈകീട്ട് 7ന് അഗ്നികണ്ഠാ കര്‍ണ്ണന്‍ തെയ്യത്തിന്റെ അവതരണം നടക്കും. മന്ത്രമൂർത്തികളിൽ രൗദ്രഭാവത്തോടു കൂടി ഉറഞ്ഞാടുന്ന ദേവനാണ് അഗ്നികണ്ഠാ കർണ്ണൻ. ഉയരമുള്ള കുരുത്തോല മുടിയും അരയിൽ 16 പന്തങ്ങളുമായി വരുന്ന ഉഗ്രമൂർത്തി അഗ്നികണ്ഠാ കര്‍ണ്ണന്റെ തെയ്യാവതരണം അവിസ്മരണീയമായ അനുഭവമായിരിക്കും.

ജനുവരി 12 വസൂരിമാല ഭഗവതി തിറയും പൊട്ടന്‍ തെയ്യവുമാണ് അവതരിപ്പിക്കപ്പെടുക.

ദാരികവധകഥയുമായി ബന്ധപ്പെട്ടിരിക്കുന്നു വസൂരിമാല ഭഗവതിയുടെ ഐതിഹ്യം. പകര്‍ച്ച വ്യാധികള്‍ ഭേദമാക്കുന്ന ദേവതയായിട്ടാണ് വസൂരിമാലയെ ആരാധിച്ചുപോരുന്നത്. “നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര… നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര…” എന്ന ചോദ്യവുമായി ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന പൊട്ടന്‍ തെയ്യം നമുക്ക് കാഴ്ചയുടെ വിരുന്ന മാത്രമല്ല, സമത്വചിന്തയുടെ വെളിച്ചം മനസ്സിലേക്ക് പകര്‍ന്ന് വയ്ക്കുക കൂടി ചെയ്യുന്നു.

കെ.എല്‍.ഐ.ബി.എഫ് നാലാം പതിപ്പിനെ അക്ഷരോത്സവം മാത്രമല്ല. സാംസ്കാരികോത്സവം കൂടിയാണ്.

പുസ്തകപ്രേമികള്‍ക്കും കലാസ്വാദകര്‍ക്കുമായി ഒരാഴ്ചക്കാലം നിയമസഭാങ്കണം ആഘോഷനഗരിയാകുന്നു.

You May Also Like

About the Author: Jaya Kesari