
എറണാകുളം : ദേശീയ പാതയില്‍ കുമ്പളം ടോള്‍ പ്ലാസക്ക് സമീപം വീണ്ടും അപകടം. അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നില്‍ മീൻ വാൻ ഇടിച്ചു കയറി ഒരാള്‍ മരിച്ചു.മീൻ വണ്ടിയിലുണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര പള്ളിവെളി അബൂബക്കറിന്റെ മകൻ ഷഫീഖ് (42) ആണ് മരിച്ചത്. വാഹനം വെട്ടി പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. അപകട സ്ഥലത്തുതന്നെ ഇയാള്‍ മരിച്ചതായാണ് വിവരം.പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വൈപ്പിനിലേക്ക് മീനുമായി പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോർച്ചറിയില്‍.
