പ്രസവശേഷം ആശുപത്രിയില്‍ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് നേരെ ആക്രമണം

നെയ്യാറ്റിൻകര: പ്രസവശേഷം ആശുപത്രിയില്‍ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു.യുവാവ് സഞ്ചരിച്ച കാർ അടിച്ചുതകർത്ത ശേഷം തീയിട്ട് നശിപ്പിക്കുകയും ചെയ്തു. കൊല്ലയില്‍ നടൂർക്കൊല്ല കളത്തറയ്ക്കല്‍ തേരിയില്‍ പുത്തൻവീട്ടില്‍ സുകുമാരന്റെ മകൻ പ്രദീപിനാണ് (30) ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. പ്രദീപിന്റെ ശരീരത്തില്‍ 21 മുറിവുകളുണ്ട്.വ്യാഴാഴ്ച പുലർച്ചെ 1.30ഓടെ അമരവിളയ്ക്ക് സമീപം കണ്ണൻകുഴിയിലായിരുന്നു സംഭവം. തിരുവനന്തപുരം ലുലു മാളിലെ ജീവനക്കാരനാണ് പ്രദീപ്.
പ്രസവശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും സന്ദർശിച്ച ശേഷം സുഹൃത്തിന്റെ കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.കണ്ണൻകുഴിയില്‍നിന്ന് കളത്തറയ്ക്കലിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ അപരിചിതരായ മൂന്നുപേർ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പ്രദീപ് പറഞ്ഞു. ഇവർ ആരാണെന്ന് ചോദിച്ചതിന് പിന്നാലെയാണ് ണ് ആക്രമണമുണ്ടായതെന്നാണ് പ്രദീപിന്റെ മൊഴി.കാറില്‍നിന്ന് പുറത്തിറങ്ങിയ പ്രദീപിനെ സംഘത്തിലെ രണ്ടുപേർ പിടിച്ചുവെക്കുകയും മൂന്നാമൻ കൈവശമുണ്ടായിരുന്ന ചെറിയ വാള്‍ ഉപയോഗിച്ച്‌ വെട്ടുകയും കുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു .ആക്രമണത്തില്‍ പ്രദീപിന്റെ കൈകള്‍ക്കും മുതുകിനും ആഴത്തിലുള്ള മുറിവേറ്റു.അക്രമികളില്‍നിന്ന് ഓടി രക്ഷപ്പെട്ട പ്രദീപ് മാരായമുട്ടം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് സുഹൃത്തെത്തി പ്രദീപിനെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You May Also Like

About the Author: Jaya Kesari