
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബിർഭൂം ജില്ലയിലെ താരാപീഠില്‍ പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലില്‍ ഉണ്ടായ വൻ തീപിടിത്തത്തില്‍ ഏഴു പേർ വെന്തുമരിച്ചു.നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ചയായ ഓഗസ്റ്റ് 17 തിങ്കളാഴ്ച പുലർച്ചെ 4.30-ഓടെയാണ് ദുരന്തമുണ്ടായത്. താരപീഠിലെ പ്രസിദ്ധമായ കാളി ക്ഷേത്രത്തിലും അനുബന്ധ ശിവക്ഷേത്രത്തിലും ദർശനം നടത്താനെത്തിയ ഭക്തരാണ് അപകടത്തില്‍പ്പെട്ടവരിലേറെയും.
നാലു നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് ആദ്യമായി തീ പടർന്നുപിടിച്ചത്. അതിഥികള്‍ ഭൂരിഭാഗവും നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു ദുരന്തം. റിസപ്ഷന് സമീപമുള്ള പവർ സപ്ലൈ സിസ്റ്റത്തിലെ വൈദ്യൂത ഉപകരണങ്ങളില്‍ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഹോട്ടല്‍ അധികൃതരുടെ പ്രാഥമിക നിഗമനം. എന്നാല്‍ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ശാസ്ത്രീയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ അലങ്കാര വസ്തുക്കളിലേക്കും ഫൈബർ സാമഗ്രികളിലേക്കും തീ അതിവേഗം പടർന്നുപിടിച്ചതോടെ കെട്ടിടത്തില്‍ ആകെ പുകനിറഞ്ഞു.
