
എട്ടാം ക്ലാസുകാരിയായ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി.തമിഴ്നാട്ടിലെ പെരമ്പല്ലൂര്‍ ജില്ലയിലെ വേപ്പന്തട്ട താലൂക്കിലുള്ള വെമ്പാവൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. വെമ്പാവൂര്‍ സ്വദേശിയായ എസ് അഭിമന്യു (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ബാലസുബ്രഹ്‌മണ്യത്തെ (50) പോലീസ് അറസ്റ്റ് ചെയ്തു.പെരമ്പല്ലൂരിലെ സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ എംസിഎ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട അഭിമന്യു. 12 വയസ്സുകാരിയായ മകളുമായുള്ള അഭിമന്യുവിന്റെ സൗഹൃദത്തെ ബാലസുബ്രഹ്‌മണ്യം ശക്തമായി എതിര്‍ത്തിരുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ഇരുവരോടും ഇയാള്‍ മുന്‍പ് താക്കീത് നല്‍കിയിരുന്നതായാണ് വിവരം.എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ച് അഭിമന്യു പെണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നു. അടുത്തിടെ പെണ്‍കുട്ടിക്ക് യുവാവ് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കുകയും ഇതിലൂടെ നിരന്തരം ബന്ധപ്പെടുകയും ചെയ്തു. മകളുടെ കയ്യില്‍ ഫോണ്‍ കണ്ടതിനെത്തുടര്‍ന്ന് പ്രകോപിതനായ സുബ്രഹ്‌മണ്യം ഞായറാഴ്ച രാത്രി അഭിമന്യുവിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യല്‍ രൂക്ഷമായ വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും വഴിമാറി. തര്‍ക്കത്തിനിടെ സുബ്രഹ്‌മണ്യം പരിസരത്തുണ്ടായിരുന്ന ഇരുമ്പ് വടിയെടുത്ത് അഭിമന്യുവിനെ അടിച്ചുവീഴ്ത്തി. തുടര്‍ന്ന് നിലത്തുവീണ യുവാവിന്റെ നെഞ്ചില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിമന്യു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
