തിരുച്ചിറപ്പളളി: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ ഡിഎംകെ കൗണ്‍സിലറെ വെട്ടിക്കൊന്നു. സുഹൃത്തിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.കൊലയുടെ കാരണം അറിയില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.
ഡിഎംകെ തിരുവെരുമ്പൂർ യൂത്ത് വിംഗ് സെക്രട്ടറിയും കൂത്തപ്പാർ പഞ്ചായത്ത് കൗണ്‍സിലറുമായ എ. രഞ്ജിത്ത് കുമാർ (38) ആണ് കൊല്ലപ്പെട്ടത്. തിരുവെരുമ്പൂരില്‍ സുഹൃത്തിനൊപ്പം മദ്യവിതരണ ഔട്ട്ലെറ്റ് നടത്തുന്ന രഞ്ജിത്ത് അടുത്തിടെ പുതുതായി നിർമിച്ച വീട്ടിലേക്ക് മാറിയിരുന്നു.ഇന്നലെ രാത്രി ബിസിനസ് പങ്കാളിയെ കണ്ടശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുവെ വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്ന സംഘം രഞ്ജിത്തിനെ തടഞ്ഞു വടിവാള്‍ കൊണ്ടു തലയിലും കാലിലും വെട്ടി പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.റോഡിലൂടെ വാഹനത്തില്‍ പോയ ചിലർ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുകയായിരുന്ന രഞ്ജിത്തിനെ കാണുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

