കൊച്ചി: മൂന്നര വയസുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ നിലക്കടല രാജഗിരി ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തില്‍ പുറത്തെടുത്തു.ആലുവ സ്വദേശിയുടെ മകൾക്കാണു ഡോക്ടർമാരുടെ കൃത്യമായ ഇടപെടലിലൂടെ പുതുജീവന്‍ ലഭിച്ചത്. ഖത്തറിൽ വച്ചാണ് അബദ്ധത്തിൽ കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിലക്കടല കുടുങ്ങിയത്. തുടർന്ന് കുട്ടി ഛർദിച്ചതിനാൽ അപായമൊന്നുമില്ലെന്നു മാതാപിതാക്കൾ കരുതി. എന്നാല്‍ പിറ്റേന്ന് മുതൽ ശ്വാസമെടുക്കുമ്പോൾ അസ്വാഭാവികമായ ശബ്ദം കേള്‍ക്കാൻ തുടങ്ങി.തുടർന്ന് ഖത്തറിലെ ആശുപത്രിയിൽ എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഒരാഴ്ചയ്ക്കു ശേഷം കുട്ടിക്കു കടുത്ത പനി ബാധിച്ചതിനെത്തുടർന്ന് മറ്റൊരു ക്ലിനിക്കിൽ കാണിച്ചെങ്കിലും ഇൻഫെക്ഷനുള്ള മരുന്ന് നല്കി.പനി വീണ്ടും ആവർത്തിച്ചതോടെ ആശങ്കയിലായ മാതാപിതാക്കൾ കുട്ടിയുമായി വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിൽ എത്തുകയായിരുന്നു. ആശുപത്രിയിലെ പള്‍മണോളജി വിഭാഗം മേധാവി ഡോ. എ.ആര്. പരമേശിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ സിടി സ്കാനിൽ നിലക്കടല ശ്വാസനാളത്തിൽ കുടുങ്ങിക്കിടക്കുന്നതായി വ്യക്തമായി.
കുഞ്ഞിന്റെ പ്രായം കണക്കിലെടുത്ത്, പീഡിയാട്രിക് ബ്രോങ്കോസ്കോപ്പ് ഉപയോഗിച്ച് ഡോക്ടര്‍മാർ വളരെ വിദഗ്ധമായി നിലക്കടല പുറത്തെടുത്തു. നൂതനവും നേർത്തതുമായ പീടിയാട്രിക് ബ്രോങ്കോസ്കോപ്പ് ആയതിനാൽസങ്കീർണതയും ആശുപത്രിവാസവും കുറയ്ക്കാന്‍ കഴിഞ്ഞു.

