തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണപക്ഷ സ്ഥാനാർഥിയായ അരൂർ എംഎല്‍എ ഷാനിമോള്‍ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.നിലവില്‍ സഭയില്‍ 102 അംഗങ്ങളുടെ വ്യക്തമായ പിന്തുണ ഷാനിമോള്‍ ഉസ്മാനുണ്ട്. ബിജെപി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.അതേസമയം, ഇടതുമുന്നണിയും മത്സരരംഗത്തുണ്ട്. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം പുതിയ ഡെപ്യൂട്ടി സ്പീക്കറുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും.
അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയും ഇന്ന് മുതല്‍ ആരംഭിക്കും. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള നിരവധി സമകാലിക വിഷയങ്ങള്‍ ചർച്ചയില്‍ ഉടനീളം ഉയർന്നു വരുമെന്നാണ് സൂചന. പിണറായി വിജയന്റെ വാടകവീട്ടിലെ ഇ.ഡി റെയ്ഡ്, വന്ദേമാതരംവിവാദം എന്നിവ പ്രതിപക്ഷം സഭയില്‍ സജീവമായി ഉന്നയിക്കും. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സർക്കാരിനെ വിമർശിക്കാതിരുന്ന സംസ്ഥാന സർക്കാർ, ആർഎസ്‌എസിന് മുന്നില്‍ പൂർണമായി വഴിപ്പെട്ടു എന്ന ആരോപണമാകും പ്രതിപക്ഷം പ്രധാനമായും ഉയർത്തുക. തൃശൂർ പൂരം കലക്കല്‍ അടക്കമുള്ള മറ്റ് പ്രധാന ആയുധങ്ങള്‍ പ്രതിരോധിക്കാനായി ഭരണപക്ഷവും രംഗത്തിറക്കും. സമകാലിക പ്രാധാന്യമുള്ള മറ്റ് വിഷയങ്ങള്‍ അടിയന്തര പ്രമേയമായി സഭയില്‍ കൊണ്ടുവരാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.നന്ദിപ്രമേയ ചർച്ചയില്‍ മറ്റന്നാള്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കും. തുടർന്ന്, ഉയർന്നുവന്ന ചർച്ചകള്‍ക്കെല്ലാം സഭയില്‍ മറുപടി നല്‍കുക മുഖ്യമന്ത്രി വി.ഡി സതീശനായിരിക്കും.

