ആറ്റിങ്ങല്‍: എട്ട് പതിറ്റാണ്ടായി കേരള കൗമുദിയുടെ ഏജന്റും പ്രാദേശിക ലേഖകനുമായിരുന്ന കെ.വിജയപാലൻ വിടവാങ്ങി.ജീവിതകാലം മുഴുവൻ കേരളകൗമുദിക്കായി ഉഴിഞ്ഞുവച്ച ജീവിതം,കേരളകൗമുദി പത്രാധിപർ കെ.സുകുമാരന്റെ വിശ്വസ്തരില്‍ ഒരാള്‍.അതുകൊണ്ടുതന്നെ പ്രാദേശിക വാർത്തകള്‍ വിളിച്ചറിയിക്കാൻ പത്രാധിപർ നല്‍കിയ ലാൻഡ് ഫോണ്‍ ലഭിച്ചവരില്‍ അപൂർവം ചിലരില്‍ ഒരാളായിരുന്നു കെ.വിജയപാലൻ.പത്താം വയസില്‍ പത്ര വിതരണത്തിലൂടെ രംഗത്തെത്തി.നഗരസഭ രൂപികൃതമായപ്പോള്‍ ആദ്യകാല കൗണ്‍സിലറുമായി.
പിന്നീട് റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തനങ്ങളിലുള്‍പ്പെടെ അവസാന നിമിഷംവരെ കർമ്മനിരതൻ.കേരള കൗമുദിയുടെ ആറ്റിങ്ങല്‍ ലേഖകനായി പ്രവർത്തിച്ചിരുന്ന കാലത്ത് നാട്ടിൻപുറത്തുകാരുടെ ശബ്ദമായി അദ്ദേഹം. ആറ്റിങ്ങലിന്റെ ചരിത്രം ആഴത്തില്‍ പ്രതിപാദിക്കുന്ന പുസ്തകരചനയുടെ അവസാനഘട്ടത്തിലായിരുന്നു.
സാമൂഹിക സാംസ്കാരിക, വ്യവസായ രംഗത്തെ ഓർമ്മകളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. വാർദ്ധക്യത്തിലും ഓർമ്മയ്ക്കും കാഴ്ചയ്ക്കും മങ്ങല്‍ ഏറ്റിരുന്നില്ല. എന്തിനെ കുറിച്ച് ചോദിച്ചാലും ഉടൻ മറുപടി നല്‍കുമായിരുന്നു.

